26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ സുരക്ഷ പാകിസ്താൻ നാല് മടങ്ങ് വർദ്ധിപ്പിച്ചതായി വിവരം. പാകിസ്താൻ സായുധ സേനയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ24 മണിക്കൂറും വിന്യസിച്ചത് കൂടാതെ സയീദിന്റെ ലാഹോറിലെ വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ നിലവിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പാകിസ്താൻ സൈന്യം, ഐഎസ്ഐ, ലഷ്‌കർ പ്രവർത്തകർ എന്നിവർ സംയുക്തമായി ഭീകരന്റെ സംരക്ഷണം നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോമ്പൗണ്ട് നിരീക്ഷിക്കാൻ ഡ്രോൺ നിരീക്ഷണം വിന്യസിച്ചിട്ടുണ്ടെന്നും നാല് കിലോമീറ്റർ ചുറ്റളവിലുള്ള റോഡുകളിൽ ഉയർന്ന റെസല്യൂഷൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.
സാധാരണക്കാരായ ആളുകൾ തിങ്ങിപ്പാർക്കുന്നതിന് നടുവിലാണ് സായിദിന്റെ കെട്ടിടം. സാറ്റ്ലൈറ്റ് ചിത്രങ്ങളും വീഡിയോകളും അനുസരിച്ച് 24 മണിക്കൂർ സുരക്ഷയേറിയ വീട്ടിലാണ് സായിദ് ഒളിച്ചുതാമസിക്കുന്നത്. പ്രധാനമായും വീടുള്ള സമുച്ചയം മൂന്നായി തിരിച്ചിരിക്കുന്നു. വീടും അതിനടുത്ത് വലിയൊരു പള്ളിയും മദ്രസയുമുണ്ട്. ഇതിനൊപ്പം പുതുതായി നിർമ്മിച്ച വലിയൊരു പാർക്കുണ്ട് അടുത്ത്. ഇവിടെ സായിദിന് വേണ്ട എല്ലാ സൗകര്യവും പാകിസ്താൻ സർക്കാർ ഒരുക്കി.നിലവിൽ ഇന്ത്യയടക്കം രാജ്യങ്ങളെ പാകിസ്താൻ അറിയിച്ചിരിക്കുന്നത് വിവിധ കേസുകളിൽ സായിദ് ജയിൽശിക്ഷ അനുഭവിക്കുകയാണെന്നാണ്. എന്നാൽ ആ വാദമെല്ലാം തെറ്റാണെന്ന് സ്ഥലത്തെ സുരക്ഷയും പുതിയ ക്രമീകരണങ്ങളും സൂചിപ്പിക്കുന്നു.
Discussion about this post