ക്വറ്റ/ പാകിസ്താൻ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മംഗോച്ചർ പട്ടണത്തിൻ്റെ നിയന്ത്രണം ബലൂചിസ്ഥാൻ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷൻ ആർമി (BLA) പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിലെ തന്ത്രപ്രധാനമായ ക്വറ്റ-കറാച്ചി ഹൈവേ തടസ്സപ്പെടുത്തുകയും പാകിസ്താൻ ഗവണ്മെൻ്റിൻ്റെ ഓഫീസുകളും കെട്ടിടങ്ങളും ബലൂച് ലിബറേഷൻ ആർമി പിടിച്ചെടുക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബലൂച് ലിബറേഷൻ ആർമിയുമായി ബന്ധമുള്ള സായുധ സംഘം വെള്ളിയാഴ്ച വൈകുന്നേരമാണ് സംഘടിതമായ നീക്കം നടത്തിയത്. കലത് ജില്ലയിലെ തന്ത്രപ്രധാന പട്ടണമായ മംഗോച്ചറിലൂടെ കടന്നുപോകുന്ന നിർണായകമായ N-25 ഹൈവേയിൽ മുഖംമൂടി ധരിച്ച ബലൂച് ആർമി സൈനികർ റോഡ് തടയുകയും ബസുകളും സ്വകാര്യ കാറുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പരിശോധന നടത്തുകയും ചെയ്തു. ബലൂച് പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയെ പാകിസ്താനിലെ ഏറ്റവും വലിയ നഗരവും സാമ്പത്തിക കേന്ദ്രവുമായ കറാച്ചിയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ് N-25 ഹൈവേ.
ഹൈവേ പിടിച്ചെടുത്തതിന് പിന്നാലെ, ബലൂച് ലിബറേഷൻ ആർമി മംഗോച്ചറിലെ പട്ടണകേന്ദ്രത്തിലേക്ക് ഇരച്ചുകയറി. നിരവധി സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു. ടൗണിനുള്ളിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളുടെ നിയന്ത്രണം BLA യുടെ സായുധ വിഭാഗം ഏറ്റെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരവധി സൈനിക ഉദ്യോഗസ്ഥരെയും സർക്കാർ ഉദ്യോഗസ്ഥരെയും ബന്ദികളാക്കിയിട്ടുണ്ടെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പ്, ബലൂചിസ്ഥാനിൽ മറ്റൊരിടത്ത് പാകിസ്താൻ സൈനിക വ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ പത്ത് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. ബലൂചിസ്ഥാനിലെ വിഭവങ്ങൾ ഇസ്ലാമാബാദിലെ സർക്കാർ ചൂഷണം ചെയ്യുന്നുവെന്ന കാരണത്താലാണ് ബലൂച് ലിബറേഷൻ ആർമി ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്നത്.
ശനിയാഴ്ച ഉച്ചവരെ, മംഗോച്ചറിലെ സ്ഥിതിഗതികളെക്കുറിച്ചോ ബന്ദികളാക്കിയെന്ന് ആരോപിക്കപ്പെടുന്നതിനെക്കുറിച്ചോ പാകിസ്താൻ സർക്കാർ ഔദ്യോഗിക പ്രസ്താവനകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ പാകിസ്താനിലെ ഡോൺ ഉൾപ്പെടെയുള്ള പ്രധാന പത്രങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മംഗോച്ചർ പിടിച്ചെടുക്കൽ, താൽക്കാലികമാണെങ്കിൽ പോലും, BLA യെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി സുപ്രധാനമായ വിജയമാണ്. പാകിസ്താൻ്റെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാൻ പാകിസ്താൻ്റെ പ്രകൃതിവിഭവ ശേഷിയിൽ ഏറ്റവും പ്രാധാന്യമുള്ള മേഖലയാണ്. ബലൂചിസ്ഥാൻ്റെ പ്രകൃതിവിഭവങ്ങൾ യഥേഷ്ടം ചൂഷണം ചെയ്യാൻ ചൈനയ്ക്ക് പാക് സർക്കാർ നൽകിയിരിക്കുന്ന അനുമതി പ്രാദേശിക ജനതയ്ക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. .
Discussion about this post