പഹൽഗാം ഭീകരാക്രമണത്തിന്റെ വേദനയേറിയ മുഖമായിരുന്നു ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിന് സമീപം വേദനയോടെ ഇരിക്കുന്ന ഹിമാൻഷി നർവാൾ എന്ന യുവതി. വിവാഹം കഴിഞ്ഞ് ആറാംനാൾ മധുവിധു ആഘോഷിക്കുവാനായി ഭർത്താവും നേവി ഓഫീസറുമായ ലഫ്റ്റനൻ്‌റ് വിനയ് നർവാളിനൊപ്പം പഹൽഗാം താഴ്വരയിലെത്തിയതായിരുന്നു ഹിമാൻഷി. മധുവിധുനാളുകളിൽ തന്നെ സീമന്തരേഖയിലെ സിന്തൂരം മാഞ്ഞുപോയ വേദനയിലായിരുന്നു യുവതി.
ഇപ്പോഴിതാ ഹിമാൻഷിയെ പോലെ ഭർത്താവിനെയും,പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ടവർക്ക് വേണ്ടി ഓപ്പറേഷൻ സിന്ദൂരിലൂടെ രാജ്യം കണക്ക് ചോദിച്ചിരിക്കുകയാണ്. 9 ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ സംഹാരം നടത്തിയത്. ഓപ്പറേഷൻ സിന്ദൂരിൽ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ മകൾ ഹിമാൻഷി നർവാൾ.
ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയ സൈന്യത്തിനിം സർക്കാരിനും നന്ദി പറയുകയാണ് ഹിമാൻഷി. ഭീകരവാദത്തിന് സർക്കാർ നൽകിയിരിക്കുന്നത് ശക്തമായ സന്ദേശമാണെന്നും ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കരുതെന്നും യുവതി പറയുന്നു. തിരിച്ചടി ഇവിടം കൊണ്ട് അവസാനിക്കരുതെന്നും ഭീകരവാദത്തിന്റെ അന്ത്യത്തിന്റെ തുടക്കമാകണം ഇതെന്നും ഹിമാൻഷി പറഞ്ഞു. തന്റെ ഭർത്താവ് ഡിഫൻസിൽ ചേർന്നത് നിരപരാധികളുടെ ജീവൻ സംരക്ഷിക്കാനും സമാധാനം കാക്കാനുമാണ്. തീവ്രവാദത്തെ പൂർണമായും ഇല്ലാതാക്കാനുള്ള ഒരു തുടക്കമായി ഈ പ്രത്യാക്രമണം മാറണമെന്ന് അദ്ദേഹത്തിനുവേണ്ടി താൻ ആഗ്രഹിക്കുന്നുവെന്നും ഹിമാൻഷി നർവാൾ പറഞ്ഞു.
തങ്ങൾ 26 കുടുംബങ്ങൾ അനുഭവിക്കുന്ന വേദന അത് പറഞ്ഞറിയിക്കാൻ സാധിക്കില്ല. വിനയിയുടെയും അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടവരുടെയും കുറവ് ഒരിക്കലും നികത്താനാകില്ല. എന്നാൽ ഭീകരവാദികളോട് കണക്ക് പറഞ്ഞേ മതിയാകൂ. തിരിച്ചടിയിൽ അതിയായ സംതൃപ്തിയുണ്ട്.
ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുൻപ് ഭീകരവാദികൾ തന്നോട് പറഞ്ഞ വാക്കുകളും ഹിമാൻഷി ഓർത്തെടുത്തു. വിവാഹം കഴിഞ്ഞ് ആറ് ദിനങ്ങൾ മാത്രമേ ആയിട്ടൂള്ളൂ, തങ്ങളെ വെറുതെ വിടണമെന്നും ദയ കാണിക്കണമെന്നും യാചിച്ചു. എന്നാൽ അവരുടെ മറുപടി ഇങ്ങനെയായിരുന്നു, പോയി മോദിയോട് ചോദിക്കെന്ന്, അതെ ഞങ്ങൾ ചോദിച്ചു. അതോടെ അവർക്ക് കൃത്യമായ മറുപടിയും ലഭിച്ചിരിക്കുന്നു- ഹിമാൻഷി കൂട്ടിച്ചേർത്തു.
Discussion about this post