കാബൂൾ : പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് ഇന്ത്യൻ വ്യോമാക്രമണം ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യക്ക് പരോക്ഷ പിന്തുണയുമായി താലിബാൻ. ഇന്ത്യക്കെതിരായ സംഘർഷത്തിൽ നിന്ന് പഷ്തൂണുകൾ വിട്ടുനിൽക്കണമെന്നും മുതിർന്ന താലിബാൻ നേതാവ് അബ്ദുൾ സലാം സയീഫ് അറിയിച്ചു. നേരത്തെ പാകിസ്താനിലെ അഫ്ഗാൻ അംബാസഡറായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അബ്ദുൾ സലാം സയീഫ്.
പാകിസ്താനെതിരായ ഇന്ത്യയുടെ നീക്കം അഫ്ഗാനിസ്ഥാനിലും ആഘോഷങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് താലിബാൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചത്. ഏപ്രിൽ ആദ്യം മുതൽ പതിനായിരക്കണക്കിന് അഫ്ഗാനികളെ പുറത്താക്കിയ നാടുകടത്തൽ നടപടികളും മറ്റു തർക്കങ്ങളും കാരണം താലിബാൻ സർക്കാരും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ഖൈബർ പഖ്തൂൺഖ്വയിലെ തങ്ങളുടെ അനുകൂലികളോട് ഇന്ത്യയ്ക്കെതിരായ സംഘർഷത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
പാകിസ്താൻ സൈന്യത്തിനെതിരായി നിരന്തര കലാപങ്ങൾ നടക്കുന്ന മേഖലയാണ് പഷ്തൂൺ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വ. അഫ്ഗാൻ താലിബാന്റെ പിന്തുണയോടെയാണ് ഇവിടെ വിഘടനവാദികൾ പ്രവർത്തിക്കുന്നത്. 2021ൽ അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ വന്നതിന് പിന്നാലെ ഇന്ത്യയുമായി മികച്ച ബന്ധമാണ് താലിബാൻ സർക്കാർ പുലർത്തി വരുന്നത്. ഖൈബർ പഖ്തൂൺഖ്വയിലെ നിരവധി പള്ളികളിൽ ഇന്ന് ഇന്ത്യയെ പിന്തുണച്ചു കൊണ്ടുള്ള ചർച്ചകൾ നടന്നതായും സൂചനയുണ്ട്.
Discussion about this post