വാഷിംഗ്ടൺ ഡി.സി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അടിസ്ഥാനപരമായി അമേരിക്കയുടെ വിഷയമല്ലെന്നും, എന്നാൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് താനും പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ആഗ്രഹിക്കുന്നതെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് പ്രസ്താവിച്ചു. അമേരിക്കൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
“നിലവിലെ സാഹചര്യത്തിൽ സംഘർഷം ലഘൂകരിക്കാൻ ഇരു രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്. എന്നാൽ അടിസ്ഥാനപരമായി അമേരിക്കയ്ക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒരു യുദ്ധത്തിൽ ഞങ്ങൾ ഇടപെടില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാൻ പറയാൻ അമേരിക്കയ്ക്ക് സാധ്യമല്ല. അതിനാൽ, നയതന്ത്രപരമായ മാർഗ്ഗങ്ങളിലൂടെ ഞങ്ങൾ ഈ വിഷയം കൈകാര്യം ചെയ്യുന്നത് തുടരും.” എന്നാണ് വാൻസ് പറഞ്ഞത്.
ഈ സംഘർഷം ഒരു പ്രാദേശിക യുദ്ധത്തിലേക്കോ അല്ലെങ്കിൽ ആണവ പോരാട്ടത്തിലേക്കോ വളരില്ലെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നിലവിൽ അങ്ങനെയൊരു സാഹചര്യം ഉണ്ടാകുമെന്ന് കരുതുന്നില്ല,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മേൽ അന്താരാഷ്ട്രസമ്മർദ്ദം നടത്തി പ്രതിരോധനടപടികളിൽ നിന്ന് പിന്തിരിപ്പിക്കാൻ പാകിസ്താൻ കഠിനശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് അമേരിക്കൻ വൈസ് പ്രസിഡൻ്റിൻ്റെ വാക്കുകൾ പ്രസക്തമാകുന്നത്. ഇന്ത്യയുടെ പ്രതിരോധനടപടികളിൽ ഇടപെടാനില്ല എന്ന് വ്യക്തമായി പറഞ്ഞ അമേരിക്കൻ വൈസ് പ്രസിഡൻ്റിൻ്റെ പ്രസ്താവന കാശ്മീർ പ്രശ്നത്തെ അന്താരാഷ്ട്രവൽക്കരിക്കാനുള്ള പാകിസ്താൻറെ ശ്രമങ്ങൾക്കും തിരിച്ചടിയാണ്. സിന്ധു നദീജലക്കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയതിനെതിരെയും അന്താരാഷ്ട്രസമൂഹത്തെ ഉൾപ്പെടുത്തി സമവായമുണ്ടാക്കാൻ പാകിസ്താൻ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ് വൈസ് പ്രസിഡൻ്റിൻ്റെ പ്രസ്താവന പ്രസക്തമാകുന്നത്.
Discussion about this post