റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിന് സമീപവും ലാഹോറിലെ വിവിധ സ്ഥലങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല . പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടിയിലെ ചക്ലാലയിലാണ് പാകിസ്താൻ എയർഫോഴ്സ് ബേസ്, നൂർ ഖാൻ സ്ഥിതി ചെയ്യുന്നത്.
ഓപ്പറേഷൻ സിന്ദൂരിന് തൊട്ടടുത്ത ദിവസം സൈനിക താവളങ്ങൾക്ക് നേരെയുള്ള പാകിസ്താൻ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം, പഞ്ചാബിലെ ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക, അമൃത്സർ ജില്ലകളിൽ പാകിസ്താൻ ഡ്രോണുകൾ നടത്തിയ ആക്രമണങ്ങൾ സുരക്ഷാ സേന പരാജയപ്പെടുത്തിയതായി അധികൃതർ സ്ഥിരീകരിച്ചിരുന്നു.
26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണത്തിനുള്ള മറുപടിയാണ് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ. “കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, പാക് അധീന കശ്മീരിലും പാകിസ്താനിലും ഭീകരവാദ റിക്രൂട്ട്‌മെന്റ് സെന്ററുകൾ, പരിശീലന സ്ഥലങ്ങൾ, ലോഞ്ച് പാഡുകൾ എന്നിവയുൾപ്പെടെ നിർമ്മിച്ചു പാകിസ്താൻ ഭീകരവാദികളെ ഇന്ത്യയ്ക്കെതിരെ ഒളിയുദ്ധത്തിനയക്കുകയാണ് . ആ ഭീകരവാദ സെൻററുകൾ പൊളിച്ചുമാറ്റാനും ഭാവിയിൽ ആക്രമണങ്ങൾ തടയാനുമാണ് ഈ ഓപ്പറേഷൻ ഉദ്ദേശിച്ചത്,” കേണൽ സോഫിയ ഖുറേഷി മാദ്ധ്യമസമ്മേളനത്തിൽ അറിയിച്ചിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരികയാണ്. ചൊവ്വാഴ്ച രാത്രിയിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു, പാകിസ്താനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആയിരുന്നു ഇന്ത്യ ലക്ഷ്യമിട്ടത്.
Discussion about this post