ന്യൂഡൽഹി : ഇന്ത്യൻ താവളങ്ങൾ തകർത്തെന്ന പാകിസ്താന്റെ അവകാശവാദത്തിനെതിരെ പരിഹാസവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഉപഗ്രഹ ചിത്രങ്ങൾ എല്ലാവർക്കും വാണിജ്യപരമായി ലഭ്യമാണ്. സംശയമുള്ളവർക്ക് പരിശോധിക്കാം. ഇന്ത്യയുടെ ഒരു താവളവും തകർക്കാൻ പാകിസ്താന് കഴിഞ്ഞിട്ടില്ല. സ്വന്തം രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള വെറും പൊള്ളയായ വാദങ്ങളാണ് പാകിസ്താൻ നടത്തുന്നതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിനു കീഴിൽ ഇന്ത്യ നടത്തിയ കൃത്യതയുള്ള ആക്രമണങ്ങളിൽ പാകിസ്താന്റെ വ്യോമതാവളങ്ങളും ഭീകര അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു എന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അവരുടെ സൈനിക ശേഷി ഗണ്യമായി കുറച്ചു. പ്രധാന വ്യോമതാവളങ്ങൾ ഫലപ്രദമായി പ്രവർത്തനരഹിതമാക്കി. ഇന്ത്യയുമായുള്ള സംഘർഷത്തിൽ ഇതു മാത്രമാണ് പാകിസ്താന് ലഭിച്ചിട്ടുള്ളത് എന്നും രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
തുടക്കം മുതൽ തന്നെ ഇന്ത്യയുടെ നിലപാട് സ്ഥിരതയുള്ളതായിരുന്നു. ഭീകര കേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. അവരുടെ ഭാഗത്തുനിന്നും പ്രകോപനം ഉണ്ടായില്ലെങ്കിൽ പാകിസ്താൻ സൈന്യത്തിന് നേരെ ഒരു നീക്കവും നടത്തേണ്ട എന്നും ഇന്ത്യ തീരുമാനിച്ചിരുന്നു. മെയ് 9 രാത്രി വരെ പാകിസ്താൻ വലിയ പ്രകോപനങ്ങൾ തുടർന്നിരുന്നു. എന്നാൽ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തിയപ്പോൾ മെയ് 10ന് രാവിലെ പാകിസ്താന്റെ സ്വരം മാറി. തുടർന്നാണ് അവരുടെ ഡിജിഎംഒ നമ്മളെ വിളിച്ച് വെടിനിർത്തലിന് അപേക്ഷിച്ചത് എന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
Discussion about this post