പാകിസ്താനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്. പാകിസ്താന്റെ ആണവായുധങ്ങൾ അന്താരാഷ്ട്ര മേൽനോട്ടത്തിൽ വയ്ക്കണമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ ബദാമി ബാഗ് കന്റോൺമെന്റ് സന്ദർശനവേളയിലാണ് അദ്ദേഹം ഈകാര്യം വ്യക്തമാക്കിയത്.
പാകിസ്താന്റെ ആവർത്തിച്ചുള്ളതും നിരുത്തരവാദപരവുമായ ആണവ ഭീഷണികൾ ആഗോളതലത്തിൽ സൂക്ഷ്മപരിശോധന ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ ആണവായുധ ശേഖരം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) മേൽനോട്ടം വഹിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളിൽ ആണവായുധങ്ങൾ സുരക്ഷിതമാണോ എന്ന് ഞാൻ മുഴുവൻ ലോകത്തോടും ചോദിക്കുന്നു. പാകിസ്താന്റെ ആണവായുധങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ മേൽനോട്ടത്തിൽ കൊണ്ടുപോകണമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
‘നമ്മുടെ സായുധ സേന ആണവ ഭീഷണി നിർവീര്യമാക്കുമ്പോൾ, നമ്മുടെ ശത്രുക്കൾക്ക് ‘ഭാരത് മാതാ കീ ജയ്’ എന്നതിന്റെ അർത്ഥം മനസ്സിലാകും’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച കർശന മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ ഈ പരാമർശം.
ഇത്തരം പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ നിങ്ങൾക്കൊപ്പം ആയിരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവുറ്റ നേതൃത്വത്തിലും മാർഗനിർദേശത്തിലും ഓപ്പറേഷൻ സിന്ദൂരിൽ നിങ്ങൾ എല്ലാവരും ചെയ്ത കാര്യങ്ങളിൽ മുഴുവൻ രാഷ്ട്രവും അഭിമാനിക്കുന്നു. നിങ്ങളുടെ പ്രതിരോധ മന്ത്രിയാകുന്നതിന് മുമ്പ്, ഞാൻ ഒരു ഇന്ത്യൻ പൗരനാണ്. പ്രതിരോധ മന്ത്രി എന്നതിലുപരി, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നിങ്ങളോട് നന്ദി പറയാൻ ഞാൻ ഇവിടെയുണ്ടെന്ന് അ്ദദേഹം കൂട്ടിച്ചേർത്തു.
Discussion about this post