ഇന്ത്യയുടെ നടപടികളിൽ ഭയന്നുവിറച്ച് കാലുകൾക്കിടയിൽ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ വെടിനിർത്തലിനായി പാകിസ്താൻ പരക്കം പായുകയായിരുന്നുവെന്ന് പരിഹസിച്ച് പെന്റഗൺ മുൻ ഉദ്യോഗസ്ഥനായ മൈക്കൽ റൂബിൻ.തങ്ങളുടെ പരാജയം പരിതാപകരമായിരുന്നു എന്ന യാഥാർഥ്യത്തിൽനിന്ന് പാക് സേനയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ലെന്നും മൈക്കൽ റൂബിൻ കൂട്ടിച്ചേർത്തു. ഭീകരരുടെ താവളങ്ങളെ കൃത്യമായി ലക്ഷ്യമിടാനും പാകിസ്താന്റെ സൈനിക നടപടികളുടെ മുനയൊടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
നയതന്ത്രപരമായും സൈനികപരമായും ഇന്ത്യ വിജയം നേടിയതായും ഭീകരപ്രവർത്തനത്തിന് പാകിസ്താൻ നൽകി വരുന്ന സ്പോൺസർഷിപ്പിൽ ഇപ്പോൾ ലോകത്തിന്റെ പ്രത്യേകശ്രദ്ധ എത്തിയതായും എഎൻഐയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഭീകരനായാലും ഐഎസ്ഐ അംഗമായാലും പാക് സേനാംഗമായാലും തങ്ങൾക്ക് വ്യത്യാസമില്ല എന്ന യാഥാർഥ്യമാണ് പാക് ഉദ്യോഗസ്ഥർ യൂണിഫോമണിഞ്ഞ് ഭീകരരുടെ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുത്തത് വ്യക്തമാക്കുന്നത്. സ്വന്തം സംവിധാനത്തിൽനിന്ന് ജീർണിച്ച ഭാഗത്തെ പുറന്തള്ളാൻ പാകിസ്താനോട് ലോകം ആവശ്യപ്പെടാനൊരുങ്ങുകയാണ്. അതുകൊണ്ടാണ് ചർച്ചയെ സൈനിക നടപടിയിലേക്ക് ഇന്ത്യ വ്യത്യാസപ്പെടുത്തിയതും. അതിൽ പാകിസ്താൻ നടുങ്ങുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
പാക് സമൂഹത്തിന് പാക്സൈന്യം അർബുദം പോലെയാണ്. പാകിസ്താൻ സ്വയം ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള സാഹചര്യത്തിൽ നിന്നൊക്കെ ആ രാജ്യം ഏറെ ദൂരെ പോയിരിക്കുന്നോ എന്നതാണ് മറ്റൊരു വിഷയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post