കൊച്ചിക്കടുത്ത് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലെ രാജ്യാന്തര കപ്പൽചാലിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പൽ മറിഞ്ഞതിനേത്തുടർന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.
എം എസ് സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ട് അപകടകരമായ വസ്തുക്കളടങ്ങിയ നൂറോളം കണ്ടെയ്നറുകൾ കടലിൽ ഒഴുകിപ്പോയിരുന്നു. ഇത് സംസ്ഥാനത്തിന്റെ വിവിധ തീരത്തടിയുന്നതിനാൽ സുരക്ഷിതമായി കരക്കുകയറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് സർക്കാർ നടപടി.
കണ്ടെയ്‌നറുകളിലുള്ള രാസവസ്തുക്കൾ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കപ്പൽ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചത്. കപ്പലിൽനിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്‌നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്.
തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്‌നറുകളും തിരിച്ചെടുത്തു. അവയിൽ അപകടകരമായ രാസവസ്തുക്കളില്ല. തിരിച്ചെടുത്തവയിൽ മിക്കതും കാലി കണ്ടെയ്‌നറുകളാണ്. പ്ലാസ്റ്റിക് പെല്ലറ്റ്‌സ് കടലിൽ വീണിട്ടുണ്ട്. അപകടമുണ്ടായ കടൽ മേഖലയിൽ എണ്ണയുടെ അംശം കലർന്നിട്ടുണ്ട്. അത് നിയന്ത്രണ വിധേയമാണ്.
Discussion about this post