ഭാര്യയെ കശാപ്പുശാലയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി.മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി എ.വി.ടെല്ലസാണ് വിധി പ്രസ്താവിച്ചത്.പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് നജ്ബുദ്ദീനെയാണ് (ബാബു-44) ശിക്ഷിച്ചത്. ആദ്യഭാര്യ നരിക്കുനി കുട്ടമ്പൂർ സ്വദേശി റഹീനയെ (30) കൊലപ്പെടുത്തിയ കേസിലാണ് നജ്ബുദ്ദീന് കോടതി വധശിക്ഷ വിധിച്ചത്.കൊലപാതകത്തിന് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മൃതദേഹത്തിൽനിന്ന് ആഭരണങ്ങൾ കവർന്നതിന് അഞ്ച് വർഷം കഠിനതടവും 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷത്തെ അധികതടവും അനുഭവിക്കണം. പിഴസംഖ്യ കൊല്ലപ്പെട്ട റഹീനയുടെ മാതാവ് സുബൈദയ്ക്കു നൽകണം.
ഭാര്യ റഹീനയുമായി പിണങ്ങിയതിനെ തുടർന്ന് താമരശ്ശേരി കുടുംബ കോടതിയിലും മജിസ്‌ട്രേട്ട് കോടതിയിലും ഇരുവരും തമ്മിൽ കേസുകളുണ്ടായിരുന്നു. രമ്യതയിലായതിനെ തുടർന്ന് റഹീനയെ നജ്ബുദ്ദീൻ വീണ്ടും പരപ്പനങ്ങാടിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് നജ്ബുദ്ദീൻ കാളികാവിൽനിന്നു മറ്റൊരു വിവാഹം കഴിച്ചു. രണ്ടാം ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.
റഹീനയെ നജ്ബുദ്ദീൻ തന്റെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി അഞ്ചപ്പുര ബീച്ച് റോഡിലെ ഇറച്ചിക്കടയിൽ കൊണ്ടുപോയി കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 36.43 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളും കൊലപാതകശേഷം മൃതദേഹത്തിൽനിന്ന് പ്രതി കവർന്നു. 2017 ജൂലായ് 23-ന് പുലർച്ചെയായിരുന്നു സംഭവം. കശാപ്പുശാലയിൽനിന്ന് കടയിലേക്ക് മാംസം കൊണ്ടു പോകാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്. 2017 ജൂലായ് 25 -നാണ് ഇയാൾ അറസ്റ്റിലായത്.
Discussion about this post