ന്യൂയോർക്ക് : ഹാർവാർഡ് സർവ്വകലാശാലക്കെതിരായ ട്രംപിന്റെ നീക്കത്തിന് പിന്നിലെ ലക്ഷ്യം ചൈനീസ് പ്രസിഡന്റിന്റെ മകളെന്ന് റിപ്പോർട്ട്. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങിന്റെ മകൾ ഹാർവാർഡ് സർവ്വകലാശാലയിൽ ആണ് പഠിക്കുന്നത് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം. ചൈന വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന കാര്യമാണ് ഇത്. ഹാർവാർഡ് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്കെതിരായ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ യഥാർത്ഥ ലക്ഷ്യം ഹാർവാർഡിൽ പഠിക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ മകൾ ആണെന്ന വിവരങ്ങൾ പുറത്തുവരുന്നത്.
വലതുപക്ഷ രാഷ്ട്രീയ നിരൂപകയും ഡൊണാൾഡ് ട്രംപിന്റെ സഖ്യകക്ഷിയുമായ ലോറ ലൂമർ വെളിപ്പെടുത്തുന്നത് പ്രകാരം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ മകൾ ഷി മിങ്‌സെ മസാച്യുസെറ്റ്‌സിൽ താമസിക്കുകയും ഹാർവാർഡ് സർവ്വകലാശാലയിൽ പഠിക്കുകയും ചെയ്യുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിഎൽഎ ഗാർഡുകൾ മസാച്യുസെറ്റ്‌സിലെ വീട്ടിലും സർവ്വകലാശാലയിലും ഷി മിങ്‌സെയ്ക്ക് സ്വകാര്യ സുരക്ഷ നൽകിവരുന്നുണ്ട്. അമേരിക്കൻ അക്കാദമിക് മേഖലയിലും നയങ്ങളിലും ചൈനീസ് സ്വാധീനം സംബന്ധിച്ച സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനീസ് പ്രസിഡന്റിന്റെ മകളെ അമേരിക്കയിൽ നിന്ന് പുറത്താക്കണമെന്നാണ് വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നത്.
2014-ൽ ഹാർവാർഡിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടിയ ഷി ജിൻപിങ്ങിന്റെ മകൾ ഷി മിങ്‌സെ പിന്നീട് ചൈനയിലേക്ക് തിരിച്ചുപോയി എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ചൈനയോ അമേരിക്കയോ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മകളും ഹാർവാർഡ് സർവ്വകലാശാലയിലാണ് പഠിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കനേഡിയൻ പ്രധാനമന്ത്രിയുടെ മകൾ ക്ലിയോ കാർണിയെ പുറത്താക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ചില അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹാർവാർഡിൽ പഠിക്കുന്ന എല്ലാ വിദേശ വിദ്യാർത്ഥികൾക്കും ട്രംപ് ഭരണകൂടം കടുത്ത വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ചൈനീസ് പ്രസിഡന്റിന്റെയും കനേഡിയൻ പ്രധാനമന്ത്രിയുടെയും പെൺമക്കളും ഹാർവാർഡ് സർവ്വകലാശാലയും തമ്മിലുള്ള ബന്ധം പുറത്തുവരുന്നത്.
Discussion about this post