വാഷിംഗ്ടൺ : കൊളംബിയ സർവകലാശാലയുടെ അംഗീകാരം റദ്ദാക്കുമെന്ന് വ്യക്തമാക്കി യുഎസ് സർക്കാർ. ജൂത വിദ്യാർത്ഥികൾക്ക് സുരക്ഷ നൽകുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം നടപടിക്ക് ഒരുങ്ങുന്നത്. ഹമാസ് ആക്രമണങ്ങൾക്ക് ശേഷം ജൂത വിദ്യാർത്ഥികൾക്ക് മതിയായ സംരക്ഷണം ഒരുക്കാത്തതിനാൽ കൊളംബിയ സർവകലാശാലയുടെ അക്രഡിറ്റേഷൻ റദ്ദാക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് യുഎസ് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൺ അറിയിച്ചു.
2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനുശേഷം കൊളംബിയ സർവകലാശാലയിലെ ജൂത വിദ്യാർത്ഥികൾ നിരവധി ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. ജൂത വിദ്യാർത്ഥികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതിൽ സർവ്വകലാശാല നേതൃത്വം പരാജയപ്പെട്ടു. കാമ്പസിലെ ജൂത വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നതിനെതിരെ മനഃപൂർവമായ നിസ്സംഗതയോടെയാണ് സർവ്വകലാശാല അധികൃതർ പെരുമാറിയത് എന്നും ലിൻഡ മക്മഹോൺ വ്യക്തമാക്കി.
കൊളംബിയ സർവകലാശാലയുടെ പ്രവർത്തനങ്ങൾ അധാർമ്മികവും നിയമവിരുദ്ധവുമാണ് എന്ന് യുഎസ് വിദ്യാഭ്യാസ സെക്രട്ടറി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ഫെഡറൽ ഫണ്ടിൽ നിന്ന് കോടിക്കണക്കിന് ഡോളർ ഈ സർവകലാശാലകൾക്ക് വേണ്ടി ചിലവഴിക്കുന്നുണ്ട്. എന്നാൽ കൊളംബിയ സർവ്വകലാശാല വിവേചന വിരുദ്ധ നിയമങ്ങൾ ലംഘിക്കുകയും കമ്മീഷന്റെ അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നതിനാലാണ് അംഗീകാരം റദ്ദാക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. നേരത്തെ കൊളംബിയ സർവകലാശാലയെ ജൂതവിരുദ്ധമെന്ന് ആരോപിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 400 മില്യൺ ഡോളർ ഫെഡറൽ ഫണ്ട് പിൻവലിച്ചിരുന്നു.
Discussion about this post