കാനഡയിലെ കനാനസ്‌കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഈ മാസം 15 മുതൽ 17 വരെയാണ് കാനഡയിൽ ജി7 ഉച്ചകോടി നടക്കുന്നത്. കാനഡ പ്രധാനമന്ത്രി തന്നെ ഫോണിൽ വിളിച്ചു ക്ഷണിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എക്‌സിൽ പങ്കുവച്ചത്.
‘കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയിൽനിന്നും ഒരു ഫോൺകോൾ ലഭിച്ചതിൽ സന്തോഷമുണ്ട്. അടുത്ത് നടന്ന തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽ അദ്ദേഹത്തെ പ്രശംസിച്ചു. മാത്രമല്ല, ഈ മാസം അവസാനം കനാനസ്‌കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിലുള്ള നന്ദിയും അറിയിച്ചു. നല്ല മനുഷ്യർ മുഖേന പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന മികച്ച ജനാധിപത്യ രാഷ്ട്രങ്ങൾ എന്ന നിലയ്ക്ക്, പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ഇന്ത്യയും കാനഡയും മുന്നോട്ടുപോകും. ഉച്ചകോടിയിലെ നമ്മുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു,’ പ്രധാനമന്ത്രി നരേന്ദ്രമോദി ‘എക്സി’ൽ കുറിച്ചു.
കാനഡ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ളബന്ധം വഷളായിരുന്നു. ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ വധത്തിനുപിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ചാണ് ട്രൂഡോ ഇന്ത്യയുമായി ഇടഞ്ഞത്.ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം വെട്ടിച്ചുരുക്കിയിരുന്നു. ഇതിനിടെയാണ് കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
Discussion about this post