തിരു ഈങ്കോയ് മല ശ്രീലളിതാ മഹിളാസമാജം മഠാധിപതി ശ്രീലശ്രീ ലളിതാംബാ വിദ്യാംബാ സരസ്വതി (ഗുരുമാതാജി) സമാധിയായി. ആയിരക്കണക്കിന് സാധകർക്ക് ശ്രീവിദ്യോപാസനയിലേക്ക് മാർഗ്ഗം കാട്ടിക്കൊടുത്ത പൂജ്യ മാതാജി സ്വാമി ശിവാനന്ദ സരസ്വതി സ്വാമികളുടെ ശിഷ്യയായിരുന്നു. ശ്രീ അദ്വയാനന്ദ സരസ്വതി സ്വാമികൾ സ്ഥാപിച്ച ശ്രീ ലളിതാ മഹിളാ സമാജം ആശ്രമത്തിൻ്റെ മഠാധിപതിയായ ശ്രീലശ്രീ ലളിതാംബാ വിദ്യാംബാ സരസ്വതി മാതാജി ജാതിമത ഭേദമന്യേ ഭക്തർക്ക് ജ്ഞാനത്തിൻ്റെയും ആത്മീയതയുടെയും മാതാവായിരുന്നു. ശ്രീ ലളിതാപരമേശ്വരിയുടെ പ്രത്യക്ഷസ്വരൂപമായാണ് ലോകമെമ്പാടുമുള്ള ഭക്തർ മാതാജിയെ കണ്ടിരുന്നത്.
1947 ഏപ്രിൽ 1-നാണ് തമിഴ്നാട്ടിലെ രാജപാളയത്ത് ധർമ്മരാജയുടെയും കാളിയമ്മാളിന്റെയും മകളായി മാതാജി ജനിച്ചത്. അദ്ധ്യാത്മികതയിലുള്ള അടങ്ങാത്ത ആഗ്രഹം മൂലം തൻ്റെ ഏഴാമത്തെ വയസ്സിൽ തന്നെ, 1954ൽ ശിവാനന്ദസ്വാമികളുടെ ആശ്രമത്തിലെത്തി. താത്താ സ്വാമി എന്നായിരുന്നു മാതാജി ശിവാനന്ദഗുരുദേവനെ വിളിച്ചിരുന്നത്. ഗുരുദേവൻ മകളേപ്പോലെ ആ കുഞ്ഞിനെ സംരക്ഷിച്ചു. പതിനൊന്നാമത്തെ വയസ്സിൽ അദ്ദേഹം മാതാജിക്ക് ശ്രീവിദ്യാ മന്ത്രദീക്ഷ നൽകി. പതിനാലാമത്തെ വയസ്സിൽ സന്യാസദീക്ഷയും നൽകി. സ്വാമി ശിവാനന്ദ സരസ്വതി “ഗുരുഭക്ത രത്ന” എന്ന പദവി നൽകിയാണ് മാതാജിയെ അനുഗ്രഹിച്ചത്.
ശിവാനന്ദഗുരുദേവൻ്റെ ശിഷ്യനും ശ്രീ ലളിതാ മഹിളാ സമാജം ആശ്രമത്തിൻ്റെ സ്ഥാപകനുമായ അദ്വയാനന്ദ സരസ്വതിയുടെ കീഴിൽ പഠനം തുടർന്ന മാതാജി തമിഴിലും സംസ്കൃതത്തിലും അഗാധ പാണ്ഡിത്യം നേടി. വേദ, വേദാന്ത, ആഗമശാസ്ത്രങ്ങളിൽ ആഴത്തിൽ അറിവ് നേടിയ മാതാജി എല്ലാ യജ്ഞങ്ങളും പൂജകളും നടത്തുന്നതിലും വൈദഗ്ദ്ധ്യം നേടി. ആത്മീയ പാതയിൽ ചരിക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കിയിരുന്ന കാലത്തായിരുന്നു പൂജ്യ മാതാജി തൻ്റെ ആത്മീയ യാത്ര തുടങ്ങിയത്.
1966ൽ, തൻ്റെ പത്തൊമ്പതാം വയസ്സിൽ പൂജ്യ മാതാജി ശ്രീ ലളിതാ മഹിളാ സമാജം ആശ്രമത്തിൻ്റെ മഠാധിപതിയായി സ്ഥാനമേറ്റു. ശ്രീ ലളിതാംബികാ ദേവിയെ പ്രതിഷ്ഠിച്ച ക്ഷേത്രത്തിലും ആശ്രമത്തിലും മുമുക്ഷുക്കളായി എത്തിച്ചേർന്ന അനേകം യോഗിനിമാർക്ക് മാതാജി സാധനാമാർഗ്ഗത്തിൽ വഴികാട്ടിയായി. ആശ്രമത്തിലെ യോഗിനികൾക്ക് എല്ലാ യജ്ഞങ്ങളും, പൂജാവിധികളും പഠിപ്പിച്ച് മന്ത്രദീക്ഷ നൽകി അനുഗ്രഹിച്ച മാതാജി വൈദിക ആഗമ തന്ത്ര ശാസ്ത്രങ്ങളിൽ സ്ത്രീകൾക്ക് അധികാരമില്ലെന്ന അന്ധവിശ്വാസത്തെ തുടച്ചുമാറ്റി. ഇന്ന് ആശ്രമത്തിലെ യജ്ഞങ്ങൾക്കും പൂജകൾക്കും യാഗങ്ങൾക്കുമെല്ലാം പൂർണ്ണമായും യോഗിനിമാരാണ് നേതൃത്വം നൽകുന്നത്. സന്യാസിനിമാരായ അനേകം ശിഷ്യർക്ക് അദ്ധ്യാത്മിക പാതയിൽ അങ്ങേയറ്റം വരെ ഗുരുവായി വഴികാട്ടിയ മാതാജി, ലോകമെമ്പാടുമുള്ള ഗൃഹസ്ഥ ശിഷ്യർക്കും ശ്രീവിദ്യാ ദീക്ഷ നൽകി അനുഗ്രഹിച്ചു.
1963 ലാണ് ശ്രീ ലളിതാ മഹിളാ സമാജം ആശ്രമത്തിൽ ആദ്യത്തെ കുംഭാഭിഷേകം നടത്തിയത്. 1984 ൽ രണ്ടാമത്തെ കുംഭാഭിഷേകവും 1992-ൽ ശ്രീവിദ്യാ സമ്മേളനവും മഹാകുംഭാഭിഷേകവും നടത്തി. ശ്രീ മാതാജിയുടെ മാർഗ്ഗനിർദ്ദേശത്തിൽ 1996-ലും 2009-ലും ആശ്രമത്തിൽ കുംഭാഭിഷേകങ്ങൾ നടന്നിരുന്നു.
ഒന്നരക്കോടി മന്ത്ര പുരശ്ചരണം പൂർത്തിയാക്കിയ പൂജ്യ മാതാജിയുടെ സങ്കൽപ്പശക്തിയാൽ 2015 ഡിസംബർ 25 ന് ലോകത്ത് വളരെ അപൂർവ്വമായി മാത്രം നടത്തപ്പെടുന്ന, യജ്ഞങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന “മഹായാഗം” ശ്രീ ലളീതാ മഹിളാ സമാജം ആശ്രമത്തിൽ വച്ച് നടന്നു. ഏകദേശം 70,000 ഭക്തർ ഈ മഹായാഗത്തിൽ പങ്കെടുക്കുകയും ശ്രീ ലളിതാ ത്രിപുരസുന്ദരിയുടെ അനുഗ്രഹം നേടുകയും ചെയ്തു.
അപാല ആത്രേയി, വിശ്വവാര ആത്രേയി, വാഗംഭൃണി, ഘോഷാകാക്ഷീവതി മുതലായ മന്ത്ര ദ്രഷ്ടാക്കളായ വനിതാ രത്നങ്ങളുടെ, വനിതാ ഗുരുപരമ്പരയുടെ ജീവിക്കുന്ന ദൃഷ്ടാന്തമായി ഇന്ന് ശ്രീ ലളിതാ മഹിളാ സമാജവും പൂജ്യ മാതാജിയും നിലകൊള്ളുന്നു. ശരീരം ഉപേക്ഷിച്ചെങ്കിലും സത്യജ്ഞാനമാർഗ്ഗത്തിൽ വഴികാട്ടിയായി ശിഷ്യർക്ക് മാതാജിയുടെ ദിവ്യ സാന്നിദ്ധ്യം എന്നും നിലനിൽക്കും.
Discussion about this post