നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയ കൃഷ്ണയും അവരുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികളും തമ്മിലുള്ള പ്രശ്‌നമാണ് ഇപ്പോൾ ചർച്ചാവിഷയം. ക്യൂആർ കോഡ് ഉപയോഗിച്ച് ജീവനക്കാരികൾ പണം തട്ടിയെന്ന് ആരോപിച്ച് ദിയ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ദിയയും കൃഷ്ണകുമാറും ചേർന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ജീവനക്കാരികൾ ആരോപിച്ചു. ഈ സാഹചര്യത്തിൽ ജിതിൻ ജേക്കബ് പങ്കുവവച്ച കുറിപ്പ് ചർച്ചയാവുകയാണ്.
ജിതിൻ ജേക്കബ്
പ്രതീക്ഷിച്ചത് പോലെ ജാതി ഇറക്കി ഇരവാദം തുടങ്ങിയല്ലോ…!
ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സാമ്പത്തീക തട്ടിപ്പ് നടത്തുക, അത് പിടിക്കപ്പെടുമ്പോൾ ജാതിയും, തൊലിയുടെ നിറവും ഒക്കെ പറഞ്ഞുള്ള ഇരവാദം, അല്ലെങ്കിൽ സ്ത്രീകൾക്ക് നേരെയുള്ള അധിക്ഷേപം…! അതാകുമ്പോൾ പൊതുബോധം തട്ടിപ്പുകാർക്ക് ഒപ്പം നിൽക്കുമല്ലോ..
സ്ത്രീകളെ പീഡിപ്പിച്ചവനും, കഞ്ചാവ് കേസിൽ പൊലീസ് പിടികൂടിയവനും ഒക്കെ ജാതിയും, തൊലിയുടെ നിറവും ഒക്കെ പറഞ്ഞ് ഇരവാദം ഇറക്കിയപ്പോൾ കേരളത്തിൽ വലിയ പിന്തുണ കിട്ടിയല്ലോ. ഇനിയിപ്പോൾ ഇതൊരു ട്രെൻഡ് ആയി തന്നെ മാറും.
ഒരാൾ ഒരു സ്ഥാപനം തുടങ്ങുമ്പോൾ കുറച്ചു പേർക്ക് തൊഴിൽ കൂടി ആണ് ലഭിക്കുന്നത്. നാട്ടിൽ ജോലി ഇല്ല എന്ന് എല്ലാവരും പറയും. സർക്കാരിന് എല്ലാവർക്കും ജോലി നൽകാൻ ആകില്ല. അതിന് സംരംഭകർ മുന്നോട്ട് വരണം. പക്ഷെ ഇതൊക്കെ കാണുമ്പോൾ പുതിയ ഒരു സംരംഭം തുടങ്ങാൻ പോലും ആളുകൾ ഭയക്കും.
അല്ലെങ്കിൽ തന്നെ കേരളത്തിന് വ്യവസായികളുടെ ശവപ്പറമ്പ് എന്ന ചീത്തപ്പേര് ഉണ്ട്. അത് മാറ്റിയെടുക്കാൻ ശ്രമിക്കുമ്പോൾ ആണ് ജാതിയും മതവും, നിറവും പറഞ്ഞുള്ള പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്..!ജീവനക്കാർ സ്ഥാപനത്തിൽ തട്ടിപ്പ് കാണിച്ചാലോ, അല്ലെങ്കിൽ ജോലി കൃത്യമായി ചെയ്യാത്തതിന്റെ പേരിലോ, സ്ഥാപന ഉടമയ്ക്ക് ജീവനക്കാർക്കെതിരെ ഒരു നടപടിയും എടുക്കാൻ പറ്റാത്ത സ്ഥിതിയായി മാറി. സ്ഥാപന ഉടമയ്ക്ക് നേരെ ജാതിയും, മതവും, നിറവും, സ്ത്രീപീഡന ആരോപണവും ഇറക്കിയാൽ മതിയല്ലോ..!
ഏതൊരു സംരംഭകനും കഴിവ് മാത്രം നോക്കിയാണ് ജീവനക്കാരെ ജോലിക്ക് നിയമിക്കുന്നത്. ഇതിപ്പോൾ അത് മാത്രം നോക്കിയാൽ പോരാ എന്ന അവസ്ഥയായി. വലിയ വ്യവസായികൾക്ക് ഇതെല്ലാം നേരിടാൻ കഴിയുമായിരിക്കും, പക്ഷെ ആയിരക്കണക്കിന് ചെറുകിട വ്യവസായികൾ കേരളത്തിൽ ഉണ്ട്. തട്ടിപ്പ് കാണിച്ചിട്ട് ജാതിക്കാർഡും, തൊലിയുടെ നിറവും ഇറക്കുമ്പോൾ പൊതുസമൂഹവും, ഭരണകൂടവും, മാധ്യമങ്ങളും തട്ടിപ്പ്കാർക്ക് ഒപ്പമേ നിൽക്കൂ. സാധാരണ സംരംഭകർക്ക് ഇത് നേരിടാൻ കഴിയില്ല.
ഇതിപ്പോൾ ഡിജിറ്റൽ തെളിവുകൾ ആയത് കൊണ്ട് നിയമത്തിന്റെ മുന്നിൽ ഇവർക്ക് രക്ഷയില്ല. അതുകൊണ്ട് ജാതിയും, നിറവും ഒക്കെ ഇറക്കി തട്ടിപ്പുകാർ ഇരവാദം ഇറക്കിയിട്ടും കാര്യമൊന്നുമില്ല. നമ്മുടെ നിയമ സംവിധാനങ്ങൾ ഒച്ചിന്റെ വേഗത്തിൽ ആയത് കൊണ്ട് കോടതി വിധി വരാൻ കുറഞ്ഞത് 10 വർഷം എങ്കിലും എടുത്തേക്കും. അപ്പോൾ ഇവർ ശിക്ഷിക്കപ്പെട്ടാലും അതൊന്നും ആരും ശ്രദ്ധിക്കാനും പോകുന്നില്ല എന്നതാണ് മറ്റൊരു ദുരവസ്ഥ..! പോക്സോ കേസുകൾ പോലെ വളരെ അധികം ദുരുപയോഗം ചെയ്യുന്ന ഒന്നാണ് ജാതിയുടെ പേരിൽ ഉള്ള അധിക്ഷേപം എന്ന വകുപ്പ്. പൂട്ടിന് പീര പോലെ എല്ലാത്തിലും ചേർക്കാം, പിന്നെ ഒരു സ്ത്രീ പീഡന ആരോപണം കൂടി ഉയർത്തിയാൽ ജോലി നൽകിയ വ്യക്തിയുടെ മാനവും പോകും..!
വലിയ പിടിപാട് ഉള്ളവർ മാത്രമേ ഇതിനെ നിയമപരമായി നേരിടാൻ പോകൂ, അല്ലാത്തവർ പോയത് പോട്ടെ എന്ന് ഓർത്ത് വേണമെങ്കിൽ തട്ടിപ്പ്കാരുടെ കാല് പിടിച്ച് അങ്ങോട്ട് കുറെ കൂടി പണം നൽകി തടി തപ്പാൻ ആകും ശ്രമിക്കുക. കേരളം ആസ്ഥാനമായ ഒരു വൻകിട ജ്വല്ലറി ഗ്രൂപ്പിന്റെ കീഴിലെ ജീവനക്കാരൻ കാണിച്ച തട്ടിപ്പ് എനിക്ക് നേരിട്ട് അറിയാം, അത് പിടിക്കപ്പെട്ടപ്പോൾ ഉടൻ ആ സ്ഥാപനത്തിന്റെ ഉടമകളുടെ മതം പറഞ്ഞുള്ള ഇരവാദം ആയിരുന്നു. കുറെ ഓൺലൈൻ മാധ്യമങ്ങൾ അത് ആഘോഷിക്കുകയും ചെയ്തു.
ഇന്നലെ വരെ ജോലിയില്ലാതെ അലച്ചിൽ ആയിരുന്നു, പട്ടിണി ആയിരുന്നു എങ്കിൽ, ജോലി ലഭിക്കുന്നതോടെ തൊഴിൽ നൽകുന്നവൻ ചൂഷകൻ ആണെന്നും, ജീവനക്കാരെ ചൂഷണം ചെയ്യുക ആണെന്നും മനസ്സിൽ അങ്ങ് തോന്നി തുടങ്ങും. സ്ഥാപന ഉടമ അങ്ങനെ ലാഭം ഉണ്ടാക്കേണ്ട, അല്ലെങ്കിൽ കിട്ടുന്നത് എല്ലാം ജീവനക്കാർക്ക് വീതിച്ചു തരണം എന്ന ഊള ചിന്തയാണ് ഇപ്പോഴും നല്ലൊരു പങ്ക് ജീവക്കാർക്കും എന്നത് യാഥാർഥ്യം ആണ്. സ്ഥാപനത്തിൽ നടത്തുന്ന തട്ടിപ്പ് പിടിക്കപ്പെട്ടാൽ മറ്റു ഇരവാദങ്ങൾ ഏറ്റില്ല എങ്കിൽ ഇവർ ഈ ന്യായീകരണം ആകും ഉയർത്തുക.
സ്ഥാപന ഉടമകൾ ജീവനക്കാരെ ഭയന്ന് ജീവിക്കേണ്ട ഗതികേട് ആയി മാറി. കേരളത്തിലെ പൂട്ടിപ്പോയ സ്ഥാപനങ്ങൾ എടുത്ത് നോക്കിയാൽ അതിൽ നല്ലൊരു ശതമാനവും പൂട്ടാൻ കാരണമായത് ആ സ്ഥാപനങ്ങളിലെ ജീവനക്കാർ കാരണമാണ്.
ഡിജിറ്റൽ തെളിവുകൾ ഉണ്ടെങ്കിൽ പോലും രക്ഷയില്ലാത്ത കാലമാണ്. അതുകൊണ്ട് കേരളത്തിലെ സംരംഭകർ വളരെ അധികം സൂക്ഷിക്കണം. പുതിയതായി സ്ഥാപനങ്ങൾ തുടങ്ങാൻ പോകുന്നവർക്ക് ഇത് ഒരു മുന്നറിയിപ്പ് കൂടിയാണ്. ജീവനക്കാരുടെ കഴിവ് മാത്രമല്ല ഇനി മുതൽ നോക്കേണ്ടത് എന്ന് പറയുന്നത് അങ്ങേയറ്റം മോശമാണ് എന്നറിയാം, പക്ഷെ ഇതല്ലാതെ വേറെ മാർഗം ഇല്ല എന്നതാണ് സത്യം.
Discussion about this post