കാലവർഷം ഇത്തവണ നേരത്തെയെത്തിയെങ്കിലും അത്രശക്തമായി പെയ്തിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കി. ജൂൺ ഒന്നുമുതൽ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 47.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇക്കാലയളവിൽ 144.9 മില്ലി മിറ്റർ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്.
കാലവർഷം മെയ് 24 ന് ആരംഭിച്ചെങ്കിലും 24 മുതൽ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനൽമഴയിലാണ് ഉൾപ്പെടുത്തുക. ജൂൺ ഒന്നുമുതൽ സെപ്തംബർ 30 വരെയാണ് കാലവർഷ മഴ കണക്കാക്കുന്നത്. എല്ലാ ജില്ലകളിലും മഴയുടെ കുറവ് രേഖപ്പെടുത്തി. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. തൊട്ടുപിന്നിൽ വയനാടും തിരുവനന്തപുരവുമാണ്. ജൂൺ ആദ്യ ആഴ്ചയിൽ കേരളത്തിൽ അവസാനമായി അധികമഴ ലഭിച്ചത് 2020 ലാണ്. അന്ന് 169.6 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നു.
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമായേക്കും. ജൂൺ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 10 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ജൂൺ 11 ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,കോഴിക്കോട് ജില്ലകളിലും 12 ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
Discussion about this post