മകൾ തേജലക്ഷ്മിയുടെ ആദ്യ സിനിമയുടെ ടൈറ്റിൽ ലോഞ്ചിൽ വിതുമ്പി നടൻ മനോജ് കെ ജയൻ. കുഞ്ഞാറ്റയ്ക്ക് സിനിമ ഓഫർ വന്ന സമയത്ത് ആദ്യം ആവശ്യപ്പെട്ടത് അമ്മ ഉർവശിയുടെ അനുഗ്രഹം വാങ്ങാനാണെന്നും, അവർ നോ പറഞ്ഞിരുന്നെങ്കിൽ ഈ സിനിമ വേണ്ടെന്ന് താനും തീരുമാനിക്കുമായിരുന്നുവെന്നും മനോജ് പറഞ്ഞു. കുഞ്ഞാറ്റ എന്ന തേജലക്ഷ്മി ആദ്യമായി നായികയാകുന്ന ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് നടൻ കണ്ണു നിറഞ്ഞ് മുൻ ഭാര്യയെ കുറിച്ച് സംസാരിച്ചത്.
പഠനശേഷം കുഞ്ഞാറ്റ സിനിമയിൽ അഭിനയിക്കണം എന്ന് ആദ്യമായി ആഗ്രഹം പറയുന്നത് എന്റെ ഭാര്യ ആശയോടാണ്. ആശ അവൾക്ക് അമ്മ മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടെ ആണ്. കുഞ്ഞാറ്റയ്ക്ക് ഇങ്ങനെ നല്ലൊരു ഓഫർ വന്നപ്പോൾ ഞാൻ ആദ്യം പറഞ്ഞത് അവളുടെ അമ്മയുടെ അനുഗ്രഹം വാങ്ങണം എന്നാണ്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രി ആണ് അവളുടെ അമ്മ ഉർവശി.. അവരുടെ അനുഗ്രഹവും അഭിപ്രായവും ആണ് സിനിമയിലേക്ക് കുഞ്ഞാറ്റ വരുമ്പോൾ വേണ്ടത്.. അമ്മയുടെ അനുഗ്രഹം വാങ്ങാൻ കുഞ്ഞാറ്റയെ ഞാൻ ചെന്നൈയിലേക്ക് പറഞ്ഞയച്ചു…മോളുടെ കാര്യം വരുമ്പോൾ ഞാൻ വല്ലാതെ ഇമോഷണൽ ആകും…’ കണ്ണീരോടെ മനോജ് പറഞ്ഞു.
.എന്റെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു കുഞ്ഞാറ്റ സിനിമയിലേക്ക് വരണം എന്നുള്ളത്. അച്ഛന്റെ മരണം ഏറെ വിഷമിപ്പിച്ചതും അവളെ ആണ്. സിനിമയിലേക്ക് അവസരം വന്നപ്പോൾ അച്ഛൻ കൂടെ ഇല്ലാത്തത് അവളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. കൃത്യനിഷ്ഠ, മൂത്തവരെ ബഹുമാനിക്കുക, ഗുരുസ്മരണ വേണം തുടങ്ങിയ കാര്യങ്ങളാണ് ഞാൻ അവൾക്ക് സിനിമയിലേക്ക് വരുമ്പോൾ പറഞ്ഞ് കൊടുത്തിട്ടുള്ളത്’.. മനോജ് കെ.ജയൻ പറഞ്ഞു
Discussion about this post