മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതിചേർക്കപ്പെട്ട പോലീസുകാർക്കെതിരെ കടുത്ത നടപടിക്ക് നീക്കം. ഇവരെ അറസ്റ്റുചെയ്യുമെന്നാണ് വിവരം. വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത് എന്നിവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണു സൂചന. ഇരുവരെയും വിശദമായി ചോദ്യംചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു.
5 വർഷം മുൻപാണ് നടത്തിപ്പുകാരി ബിന്ദുവുമായി പോലീസുകാരൻ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പോലീസുകാരൻ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയപ്പോഴാണ് യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നു പോലീസ് പറയുന്നു. മെഡിക്കൽ കോളജിൽ നിന്ന് ഈ പോലീസുകാരൻ പിന്നീട് വിജിലൻസിൽ എത്തി. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്‌പെക്ടർ ചുമതലയെടുത്തതോടെ പോലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽനിന്നു മാറ്റുകയായിരുന്നു.
തിരക്കുള്ള ആശുപത്രികൾക്കു സമീപം ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിച്ചാൽ ആർക്കും സംശയം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് മലാപ്പറമ്പിൽ ഇങ്ങനെയൊരു കേന്ദ്രം തുടങ്ങിയത്. പോലീസുകാരന്റെ സുഹൃത്തായ യുവാവും ഒപ്പം മറ്റൊരു പോലീസുകാരനും ചേർന്നാണു പദ്ധതിയിട്ടത്. നടത്തിപ്പിനു നേരത്തെ പരിചയപ്പെട്ട യുവതിയുടെ സഹായം തേടി. അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട പോലീസുകാരുടെ നീക്കങ്ങൾ ഒരു മാസം മുൻപാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്.തുടർന്ന് ആരോപണ വിധേയരായ പോലീസുകാരുടെ നീക്കം അന്വേഷണ സംഘം നിരീക്ഷിച്ചു.
അവധി ദിവസത്തിൽ നടത്തിപ്പുകാരിയെ കാണാൻ പോലീസുകാരൻ എത്തുമെന്ന വിവരം ലഭിച്ചതോടെ ഞായറാഴ്ച പോലീസ് അനാശാസ്യ കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. സമയം അൽപ്പം തെറ്റുകയും പരിശോധനാ വിവരം ചേരുകയും ചെയ്തതോടെ പോലീസുകാരൻ സ്ഥലത്ത് എത്താതെ മുങ്ങി. എന്നാൽ കേന്ദ്രത്തിൽ നടക്കാവ് പോലീസ് കയറി. ഒപ്പം സ്ഥലത്തെ പൊതു പ്രവർത്തകനെയും സാക്ഷിയായി കൂട്ടി. കേന്ദ്രത്തിൽ നിന്നു പരിശോധനയിൽ പോലീസ് യൂണിഫോമിന്റെ ഒരു ഭാഗം കണ്ടെത്തിയതോടെ കൂടുതൽ തെളിവു ശേഖരിക്കാൻ പോലീസ് ശ്രമം തുടങ്ങി.
Discussion about this post