അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം അപകടത്തിൽപ്പെട്ട് വൻ ദുരന്തം ഉണ്ടായിരിക്കുകയാണ്. വിമാനഅപകടവുമായി ബന്ധപ്പെട്ട് 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിയതായി അധികൃതർ വ്യക്തമാക്കുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേർക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ 5 മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു. രണ്ട് മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹം കണ്ടെടുത്തു.
294 പേർ അപകടത്തിൽ മരിച്ചുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 53 പ്രദേശവാസികൾ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് ഔദ്യോഗികമായി സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്.
അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നൽകും. ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരനാണ് വ്യാഴാഴ്ച്ച ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. എയർ ഇന്ത്യ ഫ്‌ലൈറ്റ് 171 അപകടത്തിൽപ്പെട്ട ദാരുണമായ സംഭവത്തിൽ ഞങ്ങൾ വളരെയധികം ദുഃഖിതരാണെന്നും ഈ നിമിഷം ഞങ്ങൾ അനുഭവിക്കുന്ന ദുഃഖം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളുമെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ ചന്ദ്രശേഖരൻ എക്സിൽ കുറിച്ചു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് എയർലൈൻ ഉടമസ്ഥതയിലുള്ള ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും ഞങ്ങൾ വഹിക്കുകയും അവർക്ക് ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
Discussion about this post