അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിനെ അപമാനിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനാണ് രഞ്ജിതയെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ചത്.
രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് സർക്കാർ ഉദ്യോഗസ്ഥൻ അസഭ്യം നിറഞ്ഞ രീതിയിൽ കമന്റിച്ചത്. ‘ കേരളത്തിലെ ഒരു നായർ സ്ത്രീമരിച്ചു, കേരളത്തിലെ സർക്കാർ ജോലിയിൽ നിന്നും ലീവ് എടുത്ത് ഒരാളുടെ അവസരം കളഞ്ഞു.യുകെയിലേക്ക് പോയതാണ്…ഒന്നും തോന്നുന്നില്ലെന്നായിരുന്നു വാക്കുകൾ. മുൻപ് ആർഡിഒ നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പിപി ദിവ്യയെ പിന്തുണച്ചും ന്യായീകരിച്ചും ഇയാൾ പോസ്റ്റിട്ടിരുന്നു.
അതേസമയം വിമാനഅപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരൻ ഡി എൻ എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന. രഞ്ജിത ബ്രിട്ടനിലെ പോട്സ് മൗത്തിലുള്ള ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ദീർഘകാലം ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്ത ശേഷം ഒരു വർഷം മുൻപാണ് രഞ്ജിത ലണ്ടനിലേക്ക് ജോലിക്കായി പോയത്. മക്കളുടെ ഭാവി അർബുദ രോഗിയായ അമ്മയുടെ സംരക്ഷണം, നിർമ്മാണം നടന്നു വരുന്ന പുതിയ വീടിൻറെ പൂർത്തീകരണം എല്ലാം ബാക്കി വച്ചാണ് രഞ്ജിത മടങ്ങിയത്. മസ്‌ക്കറ്റിൽ രഞ്ജിതയുടെ അമ്മയും രണ്ട് മക്കളും ഒപ്പമുണ്ടായിരിന്നു. കുട്ടികൾ മസ്‌ക്കറ്റിലെ ഇന്ത്യൻ സ്‌കൂളിലാണ് പഠിച്ചത്.യുകെയിലേക്ക് പോകുന്നതിൻറെ ഭാഗമായാണ് രഞ്ജിത മക്കളെയും അമ്മയെയും നാട്ടിലേക്ക് കൊണ്ടുവന്നത്. മക്കളെ നാട്ടിലെ സ്‌കൂളിൽ ചേർക്കുകയും ചെയ്തു.
Discussion about this post