പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വിവാദമായതോടെ ആരോപണവിധേയരായ അദ്ധ്യാപകർക്കെതിരെ നടപടിയുമായി സ്‌കൂൾ മാനേജ്മെന്റ്. ആരോപണവിധേയരായ അദ്ധ്യാപകരെ പുറത്താക്കിയെന്നാണ് വിവരം.
ആത്മഹത്യ വിവരം പുറത്തറിഞ്ഞതിന് പിന്നാലെ കുട്ടിയുടെ രക്ഷിതാക്കളും വിവിധ വിദ്യാർത്ഥി സംഘടനകളും ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ് ആരോപണവിധേയരായ അദ്ധ്യാപകർക്കെതിരെ സ്‌കൂൾ മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. കുറ്റാരോപിതർക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നും വിദ്യാർത്ഥി സംഘടനയുടെ പ്രതിനിധികൾ അറിയിച്ചു.
ഒമ്പതാം ക്ലാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്‌കൂളിലെ മാനസിക പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർ നന്ദയ്ക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞു. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിനെതിരെ ആണ് ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത്.
വിദ്യാർത്ഥി വിരുദ്ധ നയങ്ങളാണ് സ്‌കൂൾ പിന്തുടരുന്നത്. കുട്ടികളുടെ മുഖം തേയ്ക്കാത്ത ചുമരിൽ ഉരയ്ക്കുക, ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ പുറത്തുനിർത്തുക, മാർക്ക് കുറഞ്ഞതിന്റെ പേരിൽ ക്ലാസ് മാറ്റുക, നോട്ട് പൂർത്തിയാക്കത്തിന്റെ പേരിൽ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന പ്രവണതയടക്കം ഈ സ്‌കൂളിൽ നടക്കുന്നതായാണ് ആരോപണം.
Discussion about this post