ക്രിക്കറ്റ് കരിയറിലെ തന്റെ എറ്റവും പ്രയാസമേറിയ ഘട്ടത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം പൃഥ്വി ഷാ. മോശം ഫോമും ഫിറ്റ്നസ് പ്രശ്നങ്ങളും ബാധിക്കാൻ തുടങ്ങിയതോടെ താരം ഇന്ത്യൻ ടീമിൽ നിന്നും എന്തിന് ആഭ്യന്തര ടീമിൽ നിന്ന് പോലും പുറത്തായി. താരത്തിന്റെ പേര് പോലും പലരും മറന്ന് പോകുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി. ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് മുമ്പുനടന്ന മെഗാ ലേലത്തിൽ താരത്തെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല. വ്യക്തി ജീവിതത്തിൽ താൻ എടുത്ത തീരുമാങ്ങളിൽ ചിലത് പാളി പോയെന്നും അത് തന്നെ ബാധിച്ചു എന്നും ഷാ പറഞ്ഞു. തന്റെ കൂട്ടുകെട്ടുകൾ പാളി പോയെന്നും അതോടെ ശ്രദ്ധ ക്രിക്കറ്റിൽ നിന്ന് മറ്റുള്ള ചില കാര്യങ്ങളിലേക്ക് പോയെന്നും ഷാ പറഞ്ഞിരിക്കുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“എന്താണ് സംഭവിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ. ജീവിതത്തിൽ നിരവധി തെറ്റായ തീരുമാനങ്ങൾ താൻ എടുത്തിട്ടുണ്ട്. പണ്ടൊക്കെ മണിക്കൂറുകൾ ക്രിക്കറ്റിനായി ചിലവഴിച്ച ഞാൻ പിന്നെ അതിനായി മാറ്റി വെക്കുന്ന സമയം കുറഞ്ഞു. പണ്ടൊക്കെ ഒരുപാട് സമയം ഞാൻ നെറ്റ്സിൽ ചിലവഴിക്കുകയും പരിശീലനം നടത്തുകയും ചെയ്തു. 2023 പകുതി വരെ കാര്യങ്ങൾ ഇങ്ങനെ തന്നെ പോയി. എന്നാൽ പിന്നെ ചില കൂട്ടുകാർ എന്റെ കാര്യങ്ങൾ ഏറ്റെടുത്തു. ഞാൻ അവരുമായി ചേർന്നതോടെ ക്രിക്കറ്റിന് ഞാൻ കൊടുത്തിരുന്ന പ്രാധാന്യവും കുറഞ്ഞു. എന്നെ അവരാണ് നിയന്ത്രിച്ചത്.”
“എന്നാൽ ഇപ്പോൾ ഞാൻ പാഠം പഠിച്ചു. അങ്ങനെയുള്ള സൗഹൃദങ്ങളിൽ നിന്നും മറ്റ് പലതിൽ നിന്നും ഞാൻ അകലം പാലിച്ചിരിക്കുകയാണ്. കുറച്ചുനാളുകളായി പുറത്തുപോകാൻ പോലും ഇഷ്ടമല്ല. പാപ്പരാസികൾ അവിടെയുണ്ട്. നിങ്ങൾ ഒരു സാധാരണ റെസ്റ്റോറന്റിൽ പോയാലും അവർ അവിടെയുണ്ട്. എന്നെക്കുറിച്ചുള്ള ഇപ്പോഴത്തെ കാഴ്ചപ്പാട് ഞാൻ എപ്പോഴും പുറത്താണ് എന്നതാണ്. പക്ഷേ അത് ഒരു കുടുംബ അത്താഴത്തിന് വന്നതാണെന്നോ അതോ ഞാൻ പരിശീലനത്തിനായി പുറത്തുവന്നതാണെന്നോ എന്നൊന്നും അവർ നോക്കുന്നില്ല”, ഷാ കൂട്ടിച്ചേർത്തു.
അതേസമയം പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ആഭ്യന്തര ക്രിക്കറ്റിൽ ഈ സീസണിൽ സ്വന്തം ടീമായ മുംബൈ വിട്ട് മറ്റൊരു ടീമിന് വേണ്ടിയാകും താൻ കളിക്കുക എന്ന് ഷാ പറഞ്ഞിട്ടുണ്ട്.
Discussion about this post