അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ രാജ്യ താത്പര്യവുമായി മുന്നോട്ട് കുതിച്ച് ഇന്ത്യ. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ യാതൊരു വിമുഖതയും കാണിക്കാതെയാണ് ഇന്ത്യ യുഎസിന്റെ പിടിവാശികൾക്ക് വഴങ്ങാതെയിരിക്കുന്നത്. ജൂണിൽ ഇതുവരെ പ്രതിദിനം ശരാശരി 22 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്‌തെന്നും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. ഇത് ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സംയോജിത പ്രതിദിന ശരാശരിയേക്കാൾ കൂടുതലുമാണ്. മേയിൽ പ്രതിദിനം ശരാശരി 19.6 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണയായിരുന്നു ഇന്ത്യ വാങ്ങിയത്.
റഷ്യയുടെ യൂറൽസ് ഗ്രേഡ് ക്രൂഡ് ഓയിലാണ് ഇന്ത്യ ഏറ്റവുമധികം വാങ്ങുന്നത്. 2025ൽ ഇതുവരെ യൂറൽസ് എണ്ണയുടെ 80 ശതമാനം വാങ്ങിയതും ഇന്ത്യയാണ്. ഇതിൽത്തന്നെ സ്വകാര്യ എണ്ണവിതരണക്കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസും നയാര എനർജിയുമാണ് മുന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2022 ഫെബ്രുവരി മുതലാണ് ഇന്ത്യ റഷ്യൻ എണ്ണ കൂടുതലായി വാങ്ങിത്തുടങ്ങിയത്. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിക്കുകയും പിന്നാലെ റഷ്യക്കുമേൽ യുഎസും യൂറോപ്യൻ യൂണിയനും മറ്റ് പ്രമുഖ യൂറോപ്യൻ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. യുദ്ധം ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നത് പിന്നീട് 40 ശതമാനത്തിലേക്കുവരെ കുതിച്ചുകയറിയിരുന്നു.
അതേസമയം യുഎസിന്റെ ഉപരോധം ലംഘിച്ച് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് യുഎസിലേക്ക് എത്തുന്ന ഉൽപന്നങ്ങൾക്കുമേൽ 500% ചുങ്കം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
Discussion about this post