ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന മനുഷ്യനായി കണക്കാക്കപ്പെടുന്നത് ചൈനീസ് ഔഷധ വിദഗ്ദ്ധനും, ആയോധന കലാകാരനും, തന്ത്രപരമായ ഉപദേഷ്ടാവുമായ ലി ചിങ്-യുൺ ആണെന്നാണ് പറയപ്പെടുന്നത്. 1933-ൽ മരിക്കുമ്പോൾ അദ്ദേഹത്തിന് 197 വയസ്സ് പ്രായമുണ്ടായിരുന്നുവെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് പുതിയ ചില ചരിത്ര രേഖകൾ പറയുന്നത് അദ്ദേഹം 1677-ൽ ജനിച്ചിരിക്കാം എന്നാണ്. ഈ രേഖകൾ കൃത്യം ആണെങ്കിൽ 250 ലേറെ വർഷങ്ങൾ അദ്ദേഹം ജീവിച്ചിരുന്നു എന്ന് വേണം കരുതാൻ. 1930-കളിൽ, ഒരു ചൈനീസ് പ്രൊഫസർ ലീയുടെ 150-ഉം 200-ഉം ജന്മദിനങ്ങൾ ആഘോഷിക്കുന്ന സാമ്രാജ്യത്വ രേഖകൾ കണ്ടെത്തിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന ചൈനീസ് മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഈ ദീർഘായുസ്സിന്റെ രഹസ്യങ്ങൾ തേടുകയാണ് ഇപ്പോൾ ഗവേഷകർ. ലി ചിങ്-യുണിന്റെ ആയുസ്സുമായി ബന്ധപ്പെട്ട ചില ചൈനീസ് രേഖകൾ പറയുന്നത് ആന്തരിക മനസ്സമാധാനത്തോടെയുള്ള ജീവിതവും പരമ്പരാതെ ഔഷധസസ്യങ്ങളുടെ ഉപയോഗവും ആണ് അദ്ദേഹത്തെ ഇത്രയേറെ വർഷങ്ങൾ ജീവിക്കാൻ സഹായിച്ചത് എന്നാണ്. 10 വയസ്സുള്ളപ്പോൾ അദ്ദേഹം ടിബറ്റ്, അന്നം, സിയാം തുടങ്ങിയ വിദൂര പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്തു. ഒരു ചൈനീസ് ഔഷധ വിദഗ്ദ്ധനെന്ന നിലയിൽ അദ്ദേഹം അപൂർവമായ ഔഷധങ്ങൾ ശേഖരിക്കുകയും വില്പന നടത്തുകയും ചെയ്തിരുന്നു. ഈ ഔഷധങ്ങൾ അദ്ദേഹം സ്വയം ഉപയോഗിക്കുകയും ചെയ്തിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായിരുന്നു.
ലിങ്‌ഷി, ഗോജി ബെറികൾ, വൈൽഡ് ജിൻസെങ്, ഗോട്ടു കോള തുടങ്ങിയ പരമ്പരാഗത ചൈനീസ് ഔഷധസസ്യങ്ങൾ അദ്ദേഹത്തിന്റെ ആഹാരത്തിന്റെ ഭാഗമായിരുന്നു എന്നാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്.
“ശാന്തമായ ഹൃദയം നിലനിർത്തുക, ആമയെപ്പോലെ ഇരിക്കുക, പ്രാവിനെപ്പോലെ വേഗത്തിൽ നടക്കുക, നായയെപ്പോലെ ഉറങ്ങുക”, ഇതായിരുന്നു ലി ചിങ്-യുൺ ദീർഘായുസ്സിനായി തന്റെ ശിഷ്യന്മാർക്ക് നൽകിയിരുന്ന ഉപദേശം. അദ്ദേഹത്തിന്റെ ആയുസ്സിന്റെ വിവരങ്ങളെക്കുറിച്ച് ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചൈനീസ് സംസ്കാരത്തിൽ ലി ചിങ്-യുൻ ആരോഗ്യത്തിന്റെയും ലാളിത്യത്തിന്റെയും ശാന്തമായ ജീവിതത്തിന്റെ ശക്തിയുടെയും ആകർഷകമായ പ്രതീകമാണ്.













Discussion about this post