വിദേശത്ത് പഠിക്കുക, ജോലി നേടുക മെച്ചപ്പെട്ട പീതിയിൽ ജീവിക്കുക എന്ന ആഗ്രഹത്തോടെ പരിശ്രമിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശരാജ്യങ്ങളിലേക്ക് പറന്ന് അവിടെ നഴ്‌സിംഗ് പഠനം നടത്താൻ ആഗ്രഹിച്ച് ഏജൻസികളുടെ സഹായം തേടുന്നവരും അനവധി. ഇത്തരത്തിലുള്ള സേവനങ്ങൾ നൽകുന്ന നിരവധി ഏജൻസികളാണ് കൂണുപോലെ ഉയർന്നുവരുന്നത്. ഈ സാഹചര്യത്തിൽ മുരളി തുമ്മാരുകുടി പങ്കുവച്ച വിവരങ്ങൾ ചർച്ചയാവുകയാണ്.
വിദേശത്തെ നേഴ്സിംഗ് പഠനം
നമ്മുടെ വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠിക്കാൻ പോകുന്നതിനെ പൊതുവെ പിൻതുണക്കുന്ന ഒരാളാണ് ഞാൻ എന്നറിയാമല്ലോ.
എന്നാൽ വിദേശത്തെ പഠനം ഏറെ ചിലവുള്ളതാണ്. നല്ല റാങ്കിംഗ് ഉള്ള യൂണിവേഴ്സിറ്റികളിൽ അല്ലെങ്കിൽ പഠനം കഴിഞ്ഞാൽ പഠിച്ച വിഷയത്തിൽ തൊഴിൽ ലഭിച്ചേക്കില്ല. എല്ലാ വിദേശരാജ്യങ്ങളും സാമ്പത്തികമായി ഒരേ നിലയിലല്ല. അപ്പോൾ നല്ല യൂണിവേഴ്സിറ്റികളിൽ പഠിച്ചാലും പഠന ശേഷം അവിടെത്തനെ ജോലി ലഭിച്ചാലും ഇന്ത്യയേക്കാൾ മെച്ചമായ സാമ്പത്തിക സാഹചര്യങ്ങൾ ഉണ്ടാകണമെന്നില്ല. അപ്പോൾ വിദ്യാഭ്യാസത്തിന് ചിലവാക്കിയ തുക തിരിച്ചെടുക്കാനാകാതെ വരും. ലോണെടുത്തിട്ടുണ്ടെങ്കിൽ കുടുംബം സാമ്പത്തിക പരാധീനതയിലുമാകും.
ഇതൊക്കെ അറിഞ്ഞു വേണം വിദേശ വിദ്യാഭ്യാസത്തിന് കോഴ്സും, യൂണിവേഴ്സിറ്റിയും രാജ്യവും ഒക്കെ തിരഞ്ഞെടുക്കാൻ.
ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ട ഒന്നാണ് മെഡിസിൻ, ഡെൻറ്റിസ്ട്രി, നേഴ്സിംഗ്, ലോ പോലുള്ള “റെഗുലേറ്റഡ്” പ്രൊഫഷൻസ്. ഈ വിഷയങ്ങളിൽ ഡിഗ്രി പാസ്സായാലും ആ പ്രൊഫഷനിൽ ജോലി ചെയ്യുന്നതിന് മുൻപ് അതാത് രാജ്യങ്ങളിലെ ആ വിഷയങ്ങളിലെ പ്രൊഫഷൻ നിയന്ത്രിക്കുന്ന കൗൺസിലുകളുടെ അംഗീകാരം വേണം. ഒരു രാജ്യത്ത് നിന്നും ലഭിക്കുന്ന പ്രൊഫഷണൽ ഡിഗ്രി അടുത്ത രാജ്യം രെജിസ്ടേഷനുവേണ്ടി അംഗീകരിക്കണമെന്നില്ല. മറ്റു രാജ്യങ്ങളിൽ നേടുന്ന ഇത്തരം പ്രൊഫഷനുകൾ ഇന്ത്യയിൽ പ്രാക്ടിസിന് പോലും അംഗീകൃതമല്ലാത്ത സാഹചര്യമുണ്ട്. അല്ലെങ്കിൽ വിദേശത്ത് പരീക്ഷ പാസ്സായതിന് ശേഷം നാട്ടിൽ വീണ്ടും പരീക്ഷകൾ എഴുതേണ്ടി വരും.
ഇതുകൊണ്ടാണ് ഇന്ത്യയിൽ നിന്നും വിദേശത്തുപോയി മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്നതിനെ ഞാൻ പൊതുവിൽ പിന്തുണക്കാത്തത്. വിദേശത്ത് മെഡിക്കൽ ഡിഗ്രിയെടുത്തതിന് ശേഷം ഇന്ത്യയിൽ രെജിസ്ടേഷൻ കിട്ടാതെ കഷ്ടപ്പെടുന്ന ഏറെ കുട്ടികളെ സ്ഥിരം കാണുന്നു.
ഇത്തവണ നാട്ടിൽ വന്നപ്പോൾ വിദേശത്തേക്ക് നേഴ്സിംഗ് പഠനത്തിന് പോകാൻ സഹായിക്കുന്ന അനവധി ഏജൻസികളുടെ പരസ്യം കണ്ടു. കേരളത്തിൽ നിന്നുള്ള നേഴ്‌സുമാർക്ക് ലോകത്തെവിടെയും നല്ല റെപ്യൂട്ടേഷൻ ഉണ്ട്. കോവിഡിന് ശേഷം നേഴ്‌സുമാർക്ക് പാശ്ചാത്യ രാജ്യങ്ങളിൽ ക്ഷാമവുമുണ്ട്. ജർമ്മനിൾപ്പടെ പല പാശ്ചാത്യ രാജ്യങ്ങളും നേഴ്സിംഗ് പഠിക്കാൻ വരുന്നവർക്ക് സ്കോളർഷിപ്പ് നൽകുന്ന സാഹചര്യവുമുണ്ട്. ഈ പാശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പരസ്യങ്ങൾ വരുന്നത്.
മെഡിസിൻ പോലെ തന്നെ “റെഗുലേറ്റഡ്” ആയിട്ടുള്ള പ്രൊഫഷനാണ് നേഴ്സിംഗും. അതുകൊണ്ടുതന്നെ ഒരു രാജ്യത്തെ നേഴ്സിഗ് ഡിഗ്രിയുമായി മറ്റൊരു രാജ്യത്തേക്ക് എളുപ്പത്തിൽ കുടിയേറാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ “കുറഞ്ഞ ചിലവിൽ” വിദേശ നേഴ്സിംഗ് എന്ന പരസ്യം കണ്ട് ലോണെടുത്ത് പഠിക്കാൻ പോകുന്നതിന് മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1. നിങ്ങൾ നേഴ്സിംഗ് പഠിക്കാൻ പോകുന്ന രാജ്യത്ത് ഒരു നേഴ്സ് ആയി പ്രാക്ടീസ് ചെയ്യാനുള്ള നിബന്ധനകൾ എന്തൊക്കെയാണ്? പരിശീലനത്തിൻ്റെ ദൈർഘ്യം, ഇൻ്റേൺഷിപ്പ്, ഭാഷ പ്രാവീണ്യം എന്നിങ്ങനെ)
2. ഇന്ത്യയിൽ നിന്നും പഠിക്കാൻ എത്തുന്ന കുട്ടികൾക്ക് നിങ്ങൾ പഠിക്കുന്ന രാജ്യത്ത് രെജിസ്റ്റർ ചെയ്യാനും തൊഴിൽ നേടാനും ഉള്ള അർഹതയുണ്ടോ?
3. ആ രാജ്യത്ത് നേഴ്‌സുമാർക്കുള്ള തൊഴിൽ അവസരങ്ങൾ എന്താണ്? തദ്ദേശീയർക്കോ അടുത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്കോ മുൻഗണനയുണ്ടോ?
4. ആ രാജ്യത്ത് പുതിയതായി ജോലിക്ക് കയറുന്ന നേഴ്‌സുമാരുടെ ശമ്പളമെന്താണ്? അവിടുത്തെ ജീവിത ചിലവ് എന്താണ്? ജീവിത ചിലവ് കഴിഞ്ഞ് മിച്ചം വരുന്ന തുക നാട്ടിൽ ബാങ്ക് ലോൺ ഉണ്ടെങ്കിൽ അതിൻ്റെ തവണയടവിന് മതിയാകുമോ?
5. ആ രാജ്യത്തെ നേഴ്സിഗ് ഡിഗ്രികൾ ഗൾഫ്, യൂറോപ്യൻ യൂണിയൻ, യു കെ, ഓസ്ട്രേലിയ, കാനഡ, യു എസ് എന്നിങനെ മലയാളികൾ ഏറെ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ നേഴ്സിഗ് പ്രാക്ടീസ് ചെയ്യാൻ അംഗീകരിക്കപ്പെട്ടതാണോ?
6. ആ രാജ്യത്തെ നേഴ്സിംഗ് ഡിഗ്രി ഇന്ത്യയിൽ നേഴ്‌സിംഗ് രെജിസ്ട്രേഷന് അംഗീകരിക്കപ്പെട്ടതാണോ?
ഈ ചോദ്യങ്ങൾക്ക് വ്യക്തവും ഗുണകരവുമായ ഉത്തരം ലഭ്യമല്ലെങ്കിൽ ആ രാജ്യത്ത് നേഴ്സിംഗ് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ബുദ്ധി.
പഠിക്കുന്നത് “യൂറോപ്യൻ രാജ്യത്താണ്”, സ്ഥാപനത്തിന് “WHO” അംഗീകാരമുണ്ട് എന്നൊക്കെയുള്ള ഉത്തരങ്ങൾ ഗുണകരമല്ല. കാരണം എല്ലാ യൂറോപ്യൻ രാജ്യങ്ങളും സമ്പന്നമല്ല, എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഇ യു രാജ്യങ്ങളല്ല, ഒരു യൂറോപ്യൻ രാജ്യത്തെ നേഴ്സിംഗ് ഡിഗ്രിയോ രെജിസ്ട്രേഷനോ മറ്റൊരു യൂറോപ്യൻ രാജ്യത്ത് ഓട്ടോമാറ്റിക്ക് ആയി അംഗീകരിക്കപ്പെട്ടതുമല്ല. WHO ആഗോളമായി പ്രാക്ടീസ് ചെയ്യാമെന്ന തരത്തിൽ നേഴ്സിംഗ്, മെഡിക്കൽ ഡിഗ്രികൾക്ക് അംഗീകാരം നൽകുന്നുമില്ല.
നമ്മുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്തോടൊപ്പം തന്നെ അവർ തെറ്റായ വിവരങ്ങളുടെ, അറിവിൻ്റെ, ചിന്തകളുടെ പുറത്ത് ഗുണകരമല്ലാത്ത, സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന വിഷയങ്ങളും രാജ്യങ്ങളും ഉന്നത വിദ്യാഭ്യാസത്തിന് തിരഞ്ഞെടുക്കരുതെന്നും എനിക്ക് ആഗ്രഹമുണ്ട്. അനവധി എജൻ്റുമാരും ബ്ലോഗർമാരും തെറ്റായ വിവരങ്ങൾ നൽകുന്നതായും കാണുന്നു.
സൂക്ഷിക്കുക
മുരളി തുമ്മാരുകുടി
Discussion about this post