സ്റ്റീവ് സ്മിത്തും വിരാട് കോഹ്‌ലിയും നോക്കിയാൽ മികച്ച ബാറ്റ്‌സ്മാൻ ആരാണെന്ന് മുൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ കെവിൻ പീറ്റേഴ്‌സൺ തിരഞ്ഞെടുത്തു. മുൻ സിംബാബ്‌വെ ക്രിക്കറ്റ് താരം പോമി എംബ്വാംഗയുമായുള്ള, ഇൻസ്റ്റാഗ്രാം പേജിലെ സംഭാഷണത്തിനിടെ, ആധുനിക ക്രിക്കറ്റിൽ ഏറ്റവും മികച്ച താരം ആരാണ് എന്ന ചോദ്യം പോമി ചോദിക്കുക ആയിരുന്നു.
സ്മിത്ത് കോഹ്‌ലിയുടെ അടുത്ത് പോലും എത്തില്ല എന്ന് പറഞ്ഞുകൊണ്ട് മുൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ, വിരാട് കോഹ്‌ലിയെ പിന്തുണച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“കോഹ്‌ലി, എന്തൊരു താരമാണ് അവൻ. ഫ്രീക്ക് ഷോ ആണ് ശരിക്കും. റെക്കോർഡ് മറികടക്കാൻ, ചെയ്‌സിങ് സമയത്തെ മികവ്, സമ്മർദ്ദത്തിനിടയിൽ ഉള്ള ബാറ്റിംഗ്, സ്മിത്തിന് വിരാട് കോഹ്‌ലിയുടെ അടുത്തെങ്ങും എത്താൻ കഴിയില്ല,” പീറ്റേഴ്‌സൺ പറഞ്ഞു.
അതേ സംഭാഷണത്തിൽ, വിരാട് കോഹ്‌ലിയും ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും തമ്മിൽ നോക്കിയാൽ ഏറ്റവും മികച്ചവനെ തിരഞ്ഞെടുക്കാൻ കെവിൻ പീറ്റേഴ്‌സണിനോട് ആവശ്യപ്പെട്ടു. കോഹ്‌ലിയുടെ നമ്പറുകളുടെയും ചേസിംഗിലെ റെക്കോർഡിന്റെയും അടിസ്ഥാനത്തിൽ പീറ്റേഴ്‌സൺ വീണ്ടും കോഹ്‌ലിയെ തിരഞ്ഞെടുത്തു.
“വീണ്ടും വിരാട്, അദ്ദേഹത്തിന്റെ ചേസിംഗിലെ നമ്പറുകൾ കാരണം അവൻ ആണ് സച്ചിനേക്കാൾ മികച്ചത്. അദ്ദേഹത്തിന്റെ ചേസിംഗിലെ നമ്പറുകൾ അത്ര മികച്ചത് ആണ്. ചേസിംഗുകളിൽ അദ്ദേഹത്തിന്റെ ശരാശരി 80 ആണ്. അദ്ദേഹത്തിന്റെ ഏകദിന സെഞ്ച്വറികൾ മിക്കതും ചേസിംഗിലൂടെയാണ് വരുന്നത്. അദ്ദേഹം ഇന്ത്യയെ സ്ഥിരമായി മത്സരങ്ങൾ വിജയിപ്പിക്കുന്നു. കണക്കുകളിൽ എപ്പോഴും അവൻ കുതിച്ചുകൊണ്ടേയിരിക്കുന്നു. ചേസിംഗിലെ മാസ്റ്റർ ആണ് അവൻ. അവൻ നന്നായി കളിക്കുന്ന മിക്ക മത്സരങ്ങളിലും ഇന്ത്യ ജയിക്കുന്നു. അതാണ് ഒരു താരത്തിൽ നിന്ന് ടീമിന് ആവശ്യം.”
ടീം റൺ പിന്തുടരുമ്പോൾ വിരാട് കോഹ്‌ലി എന്നും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ ചേസ് മാസ്റ്റർ എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഏകദിനങ്ങളിൽ 166 മത്സരങ്ങളിൽ നിന്ന് 64.50 ശരാശരിയിൽ 8063 റൺസും 93.42 സ്ട്രൈക്ക് റേറ്റും വിരാട് സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 28 സെഞ്ച്വറികളും ചേസിംഗിൽ 41 അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. മാത്രമല്ല, ഏകദിനങ്ങളിൽ വിജയകരമായ ചേസിംഗുകളിൽ കോഹ്‌ലിയുടെ ശരാശരി 89.50 ആണ്.
കോഹ്‌ലി അടുത്തിടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ 2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം, ടി20യിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചു. ഇനി കോഹ്‌ലിയെ ഇന്ത്യയുടെ ഏകദിന ടീമിൽ മാത്രമേ കാണാൻ സാധിക്കുക ഉള്ളു.
Discussion about this post