സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാപയിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാൻസ് പദ്ധതിക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി കെ അഷ്റഫ്.സൂംബ ഡാൻസ് കളിക്കണമെന്ന നിർദേശം പാലിക്കാൻ തയാറല്ലെന്നും ഒരു അദ്ധ്യാപകനെന്ന നിലയിൽ താൻ വിട്ടുനിൽക്കുകയാണെന്നും ഈ വിഷയത്തിൽ ഏത് നടപടിയും നേരിടാൻ താൻ തയാറാണെന്നും അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു. തന്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യോജിക്കാൻ കഴിയാത്ത ആളുകളിൽ പോലും സൂംബ അടിച്ചേൽപ്പിക്കുകയാണ്. സൂംബ ഡാൻസ് പഠിക്കാൻ കുട്ടികൾക്ക് കൊടുത്ത യൂട്യൂബ് ലിങ്കുകളിൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടുള്ള സ്ത്രീകളും പുരുഷന്മാരും നിന്നുകൊണ്ടുള്ള പരിപാടിയാണ്. കുട്ടികളെ അത്തരം കൾച്ചറിലേക്ക് കൊണ്ടുപോകരുത്. സ്‌കൂളിൽ അയക്കുന്നതിന് ഇതിന് വേണ്ടിയല്ലെന്ന് ടി കെ അഷ്റഫ് പറയുന്നു
മുതിർന്ന ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നിന്ന് അൽപവസ്ത്രം ധരിച്ച് ഡാൻസ് ചെയ്യുന്നു. പ്രത്യേക മ്യൂസികും ഡാൻസും വെച്ച് അൽപ്പവസ്ത്രം ധരിച്ച് ചെയ്യുന്നതാണ് സൂംബ. അങ്ങനെ മക്കളെ വളർത്തണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുണ്ടാവാം. കുട്ടികൾ ഈ രീതിയിലേക്കും ആഘോഷ ത്വരയിലേക്കും പോയാൽ ഡിജെ പാർട്ടിയിലേക്കും ലഹരിപ്പാർട്ടിയിലേക്കും പോകും. കാതടപ്പിക്കുന്ന മ്യൂസിക്കിനോടും അത്തരം കൾച്ചറിനോടും താൽപ്പര്യമില്ലെന്നും ടി കെ അഷ്റഫ് പറയുന്നു.
ഞാൻ പൊതു വിദ്യാലയത്തിലേക്ക് എന്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവർ ഉണ്ടായേക്കാം. ഞാൻ ഈ കാര്യത്തിൽ പ്രാകൃതനാണ്. ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഉണ്ട്. പ്രതികരിച്ചാൽ എന്താകുമെന്ന ഭീതിയാണ് പലരെയും അസ്വസ്ഥരാക്കുന്നത്. ഇത് ചെയ്തില്ലെങ്കിൽ ഡിപ്പാർട്ട്‌മെൻറിന് വിശദീകരണം നൽകേണ്ടി വരുമെന്നും നടപടി വരുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ ശ്രമിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ഇതിൽ നിന്ന് മാറി നിന്നാൽ എന്താണ് സർക്കാർ എടുക്കുന്ന നടപടിയെന്ന് അറിയാൻ വേണ്ടി തന്നെയാണ് പരസ്യമായി ഈ നിലപാട് പറയുന്നത്. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തൽ ബ്രൈക്ക് ചെയ്തില്ലെങ്കിൽ ഇതിലും വലിയ പ്രതിസന്ധികൾക്ക് നാം തല വെച്ച് കൊടുക്കേണ്ടി വരും.’- ടി.കെ അഷ്‌റഫ് ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post