നവജാതശിശുക്കളെ കുഴിച്ചുമൂടിയ കേസിൽ ഒരു കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ വെളളിക്കുളങ്ങര സ്വദേശികളായ ഭവിനെയും (26) അനീഷയെയും (21) പോലീസ് കസ്റ്റഡിയിലെടുത്തു. ശ്വാസം മുട്ടിച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അമ്മയുടെ മൊഴി. കൊലപാതകം സംബന്ധിച്ച് ഭവിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.
പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണ് ആദ്യത്തെ കുട്ടി മരിച്ചതെന്നാണ് അനീഷ പറയുന്നത്. ഇവർ തന്നെയാണ് ആദ്യത്തെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. രണ്ടാമത്തെ കുഞ്ഞിനെ ഭവിനെ ഏൽപ്പിച്ചു. ഇയാളാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. ശാപമുണ്ടാകാതിരികാകൻ മരണാനന്തര ക്രിയകൾ നടത്താൻ വേണ്ടിയാണ് അസ്ഥികൾ സൂക്ഷിച്ചുവച്ചത്. പിന്നീട് രണ്ടാമതും അനീഷ ഗർഭം ധരിച്ചു. വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞ് കരഞ്ഞപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് യുവതി പോലീസിന് മൊഴി നൽകിയത്.
എന്നാൽ മകൾ രണ്ടുതവണ ഗർഭിണിയായത് അറിഞ്ഞില്ലെന്നാണ് അനീഷയുടെ മാതാവ് പറഞ്ഞത്. നാലുകൊല്ലമായി ഭവിനുമായി മകൾ ബന്ധത്തിലാണെന്നും അമ്മ പറഞ്ഞു. വീട്ടിൽ അമ്മയും അനീഷയും സഹോദരനുമാണുള്ളത്.
അനീഷ മറ്റൊരു വിവാഹം കഴിക്കുമോയെന്ന സംശയത്തിലാണ് ഭവി അസ്ഥികളുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ഇവർ തമ്മിൽ ഇന്നലെ വഴക്കുണ്ടാവുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ മദ്യലഹരിയിലാണ് യുവാവ് സ്റ്റേഷനിലെത്തിയത്.













Discussion about this post