എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് പങ്കെടുക്കുവാൻ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്‌കൂളിന് അവധി നൽകിയ സംഭവത്തിൽ വിമർശനം ഉയരുന്നു. അവധി നൽകിയ നടപടി പ്രതിഷേധാർഹമെന്ന് കെഎസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.
വിദ്യാർഥി സംഘടനകൾ വിവിധ വിദ്യാർഥി വിഷയങ്ങളിൽ നടത്തുന്ന പഠിപ്പുമുടക്കിന്റെ ഭാഗമായി സ്‌കൂൾ അധികാരികൾക്ക് കത്ത് നൽകാറുണ്ട്. എന്നാൽ അതേപോലെ അല്ല ഒരു വിദ്യാർഥി സംഘടനയുടെ രാഷ്ട്രീയ സമ്മേളന പരിപാടിയിൽ പങ്കെടുക്കാൻ അനുമതി നൽകുന്നത്. എസ്എഫ്ഐ നേതാക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നൽകിയതെന്ന് ഹെഡ്മാസ്റ്റർ സുനിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എസ് എഫ് ഐക്കാരുടെ ആവശ്യപ്രകാരമാണ് അവധി നൽകിയതെന്നും ആവശ്യം നിരസിക്കാൻ കഴിയില്ലെന്നുമാണ് സ്‌കൂളിലെ പ്രധാനാദ്ധ്യാപകന്റെ വിശദീകരണമെന്നാണ് വിവരം. എസ് എഫ് ഐ ദേശീയ സമ്മേളനം നടക്കുന്നതിനാൽ കോഴിക്കോട് നഗരത്തിലെ സ്‌കൂളുകളിൽ പഠിപ്പ് മുടക്കുകയാണെന്നും സഹകരിക്കണമെന്നും എസ് എഫ് ഐ നേതാക്കൾ ആവശ്യപ്പെട്ടതിനാലാണ് സ്‌കൂളിന് അവധി നൽകിയതെന്നും പ്രധാനാദ്ധ്യാപകൻ പറഞ്ഞു. രാവിലെ 10.30നാണ് ഹൈസ്‌കൂൾ വിഭാഗം ക്ലാസ് വിട്ടത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിലേയ്ക്ക് ആളെ കൂട്ടാനാണ് വിദ്യാർത്ഥികളെ എസ് എഫ് ഐ പ്രവർത്തകർ വിളിച്ചിറക്കിയതെന്നാണ് ആരോപണം ഉയരുന്നത്.
Discussion about this post