കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന് തമിഴ്‌നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി ഭാര്യയും തമിഴക വാഴ്വുരിമൈ കച്ചി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മുത്തുലക്ഷ്മി. വീരപ്പനെ അടക്കം ചെയ്ത സേലം മേട്ടൂരിൽ സ്മാരകം നിർമ്മിക്കണമെന്നാണ് ആവശ്യം.വീരപ്പൻ വനത്തിന്റെയും വനവിഭവങ്ങളുടെയും സംരക്ഷകൻ ആയിരുന്നെന്നും മറ്റ് പലരുടെയും പേരിൽ സ്മാരകങ്ങൾ ഉള്ളപ്പോൾ വീരപ്പനെ ഒഴിവാക്കുന്നത് എന്തിനാണെന്നും മുത്തുലക്ഷ്മി ചോദിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഐ.പെരിയസാമിയെ മുത്തുലക്ഷ്മി കണ്ടു.
നേരത്തെ വീരപ്പനായി സ്മാരകം നിർമ്മിക്കണമെന്ന മുത്തുലക്ഷ്മിയുടെ ആവശ്യത്തെ ഗ്രാമസഭ പിന്തുണച്ചിരുന്നെങ്കിലും തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. 2004ലാണ് പ്രത്യേക അന്വേഷണസംഘം വീരപ്പനെ വെടിവച്ച് കൊന്നത്. നിരവധി പേരാണ് വീരപ്പന്റെ കുഴിമാടം കാണാൻ ദിവസവും എത്തുന്നത്.
തമിഴ്‌നാടിന്റെ ഭരണം സ്വപ്നം കണ്ട് ഇന്ന് പലരും രാഷ്ട്രീയ കളിക്കുകയാണ്. നടിമാരെ കെട്ടിപ്പിടിച്ച് പണം സമ്പാദിച്ച ശേഷം തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ശ്രമിക്കുകയും വമ്പ് പറയുകയും ചെയ്യുന്നു. അടുത്ത മുഖ്യമന്ത്രിയാണെന്നാണ് ഇക്കൂട്ടർ അവകാശപ്പെടുന്നത്. ഇത്തരക്കാർക്ക് ഇടം നൽകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുത്തുലക്ഷ്മി പറഞ്ഞു.
2004 ഒക്ടോബർ പതിനെട്ടിനാണ് തമിഴ്‌നാടിന്റെ പ്രത്യേക ദൗത്യസംഘത്തിന്റെ വെടിയേറ്റ് വീരപ്പൻ കൊല്ലപ്പെട്ടത്. ധർമപുരി പാപ്പിരട്ടിയിൽ നടന്ന ഏറ്റുമുട്ടലിലാണ് വീരപ്പനെ പോലീസ് വധിച്ചത്. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ 30 വർഷത്തോളമാണ് വീരപ്പൻ കഴിഞ്ഞത്.
Discussion about this post