ലോകത്തിലെ തന്നെ മികച്ച ആതുരശുശ്രൂഷ മേഖലയാണ് കേരളം. അതിനെ അപകീർത്തിപ്പെടുത്താനാണ് ചെറിയ കാര്യങ്ങളെ പർവതീകരിച്ച് വിചാരണ നടത്തുന്നതെന്ന് കുറ്റപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ആരോഗ്യമേഖലയാകെ തകർന്നുവെന്ന് വരുത്തി തീർക്കാനാണ് യു.ഡി.എഫ് ശമം. അതിന് മാദ്ധ്യമങ്ങളും കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് എംവി ഗോവിന്ദന്റെ ഈ പരാമർശം.
പ്രശ്നം ഒക്കെ ഉണ്ടാകും. നൂറു കണക്കിന് ആശുപത്രികളും മെഡിക്കല്‍ സംവിധാനങ്ങളും ഉള്ള സംസ്ഥാനത്ത് എവിടെയെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. അത് ശ്രദ്ധയില്‍പ്പെട്ട് പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ആതുര ശുശ്രൂഷ മേഖലയാണ് കേരളം. ലോകം തന്നെ പ്രശംസിക്കുന്ന ജനകീയ ആരോഗ്യപ്രസ്ഥാനമാണ് കേരളം. ഇതിൽ ഏതെങ്കിലും ഒരു പ്രശ്നം വന്ന കഴിഞ്ഞാലുടൻ കേരളത്തിലെ ആരോഗ്യ മേഖല തകർന്നിരിക്കുന്നുവെന്ന് പറയാൻ ആഗ്രഹിക്കുന്നവരാണ് യുഡിഎഫെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കോവിഡ് കാലത്ത് അമേരിക്കപോലും വിറങ്ങലിച്ച് നിന്നപ്പോൾ ശരിയായ നിലപാട് സ്വീകരിച്ച ലോകത്തെ ഒരേ ഒരു കേന്ദ്രമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനകീയ ആരോഗ്യ പ്രസ്ഥാനത്തെ ലോകംതന്നെ പ്രശംസിച്ചതാണ്. ചെറിയ രീതിയിൽ പ്രശ്‌നമുണ്ടാകുമ്പോൾ ആരോഗ്യമേഖലക്ക് നേരെ തിരിയുകയാണ്. ഇത് പ്രത്യേകതരത്തിലുള്ള മാനസികാവസ്ഥയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Discussion about this post