ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഏകദേശം 2,000 കോടി രൂപയുടെ സ്വത്തുക്കൾ കോൺഗ്രസ് പാർട്ടി തട്ടിയെടുക്കാൻ ശ്രമിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. നാഷണൽ ഹെറാൾഡിന്റെ യഥാർത്ഥ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിൽ (എജെഎൽ) നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ “വ്യാജ ഇടപാടുകൾ” നടത്തിയിട്ടുണ്ടെന്നും ഇഡി കോടതിയിൽ അവകാശപ്പെട്ടു.
ഇഡിക്ക് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ ഹാജരായി. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഭൂരിപക്ഷം ഓഹരി ഉടമകളായ യംഗ് ഇന്ത്യൻ ലിമിറ്റഡ് രൂപീകരിക്കാൻ ഗൂഢാലോചന നടത്തിയതായി എസ് വി രാജു കോടതിയെ അറിയിച്ചു. എജെഎൽ ഏറ്റെടുക്കുന്നതിന് വേണ്ടി മാത്രമാണ് യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് സൃഷ്ടിച്ചത് എന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
എജെഎൽ എന്ന കമ്പനിക്ക് ഏകദേശം 2000 കോടി രൂപയുടെ ആസ്തിയുണ്ട്. അത് 90 കോടി രൂപയുടെ വായ്പയ്ക്ക് പകരമായാണ് യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത് . യഥാർത്ഥ ഇടപാട് നടക്കാത്ത വ്യാജ രേഖകൾ സൃഷ്ടിച്ചു നടത്തിയ ഒരു തട്ടിപ്പാണിത്. എജെഎൽ ഡയറക്ടർ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് ഒരു കത്ത് എഴുതിയിരുന്നു, ‘പത്രത്തിന്റെ പ്രസിദ്ധീകരണം നിർത്തിയതിനാലും അവർക്ക് സ്ഥിരമായി വരുമാന സ്രോതസ്സില്ലാത്തതിനാലും വായ്പ തിരിച്ചടയ്ക്കാൻ കഴിയില്ല’ എന്നായിരുന്നു ഇതിൽ സൂചിപ്പിച്ചിരുന്നത്. തുടർന്ന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സുമൻ ദുബെ, സാം പിട്രോഡ എന്നിവർ മാനേജർ സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എജെഎൽ ഏറ്റെടുത്തത്. 90 കോടി രൂപയുടെ വായ്പയ്ക്ക് പകരമായി 2000 കോടി രൂപയുടെ ആസ്തികൾ ഏറ്റെടുത്തതിന് പിന്നിൽ വലിയ ഗൂഢാലോചനകൾ നടന്നിട്ടുണ്ട് എന്നും ഇഡി കോടതിയെ അറിയിച്ചു.
Discussion about this post