കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞ് വീണു. ആശുപത്രിയിലെ പതിനാലാം വാർഡിലെ കെട്ടിടമാണ് ഇന്ന് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. 14-ാം വാർഡിന്റെ അടച്ചിട്ട ബാത്ത്‌റൂം ഭാഗമാണ് ഇടിഞ്ഞു വീണതെന്നാണ് വിവരം. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിത്. രണ്ട് പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.
മന്ത്രിമാരായ വീണാ ജോർജും വി എൻ വാസവനും സ്ഥലത്തെത്തി. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകർന്ന് വീണതെന്ന് മന്ത്രിമാർ പ്രതികരിച്ചു. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്.
കെട്ടിടത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം കണ്ടതിനാൽ പുതിയ കെട്ടിടം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നു എന്നുമായിരുന്നു സൂപ്രണ്ടിന്റെ പ്രതികരണം. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post