എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ടിന് വമ്പൻ പണി കൊടുത്ത് മുഹമ്മദ് സിറാജ്. മൂന്നാം ദിനം മൂന്നിന് 77 എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് 7 റൺ കൂട്ടിച്ചേർക്കുമ്പോൾ തന്നെ 22 റൺസ് എടുത്ത ജോ റൂട്ടിനെ മടക്കി സിറാജ് ആദ്യ വെടി പൊട്ടിച്ചു.
ഈ പരമ്പരയിലെ ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ പല കോണുകളിൽ നിന്നും വമ്പൻ വിമർശനങ്ങൾ കേട്ട സിറാജ് രണ്ടാം ടെസ്റ്റിൽ അവരെ എല്ലാം ഞെട്ടിച്ചു. ഇന്നലെ സാക് ക്രോളിയെ മടക്കി തന്റെ ക്ലാസ് കാണിച്ച സിറാജ് മികച്ച ലൈനിലും ലെങ്ങ്തിലുമാണ് പന്തെറിഞ്ഞത്. റൂട്ടിന്റെ വിക്കറ്റിന് പിന്നാലെ ക്രീസിൽ എത്തിയ നായകൻ സ്റ്റോക്സ് (0 ) പന്തിന്റെ കൈയിൽ എത്തിച്ച് താരം ഹാട്രിക്കിന്റെ തൊട്ടടുത്ത് എത്തുകയും ചെയ്‌തു.
എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടി റെക്കോഡ് പുസ്തകത്തിൽ ഇടം പിടിച്ച ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ആയിരുന്നു ഇന്നലത്തെ ഇന്ത്യൻ ഇന്നിങ്സിന്റെ താരം. ഇംഗ്ലണ്ട് മണ്ണിൽ ഒരു ഇന്ത്യൻ താരം 23 വർഷങ്ങൾക്ക് ശേഷം നേടുന്ന ഇരട്ട സെഞ്ച്വറി, ഒരു ഇന്ത്യൻ നായകന്റെ ഇംഗ്ലണ്ട് മണ്ണിലെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടം ഉൾപ്പടെ ഒരുപിടി നേട്ടങ്ങളാണ് ഗിൽ സ്വന്തമാക്കിയത്.
അതേസമയം ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയ 587 റൺസിന് മറുപടിയായി ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് 131 – 5 എന്ന നിലയിലാണ് നിൽക്കുന്നത്.
Discussion about this post