ശുഭ്മാൻ ഗിൽ, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് വരുമ്പോൾ മുതൽ അയാൾ അനുഭവിച്ച സമ്മർദ്ദം അത്രമാത്രം വലുതായിരുന്നു. നായകൻ എന്ന നിലയിൽ ഒരു ടീമിനെ നയിക്കാൻ ആദ്യമായി ഇറങ്ങുന്നത് ഇംഗ്ലണ്ട് പോലെ ഒരു വലിയ മണ്ണിൽ. സീനിയർ താരങ്ങളിൽ പ്രമുഖർ വിരമിച്ച സാഹചര്യത്തിൽ കിട്ടിയിരിക്കുന്നത് വലിയ ഉത്തരവാദിത്വം, അടുത്ത സൂപ്പർ സ്റ്റാർ എന്ന ലേബലും അത് നൽകുന്ന ഗുണവും ദോഷവും. എന്തായാലും ബാറ്റ് കൊണ്ട് മികവ് കാണിച്ചിട്ടും ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതോടെ പലരും അയാളെ ട്രോളാണ് തുടങ്ങി, ഈ ചെറുക്കനെ കൊണ്ടൊന്നും നടക്കില്ല എന്ന് പറയാൻ തുടങ്ങി. അങ്ങനെയൊക്കെ വിമർശനം വന്നിട്ടും അയാൾ മിണ്ടിയില്ല, തന്റെ കഴിവിൽ അയാൾക്ക് അത്ര വിശ്വാസം ഉണ്ടായിരുന്നു എന്ന് പറയാം.
രണ്ടാം ടെസ്റ്റിലെ ടീമിൽ മൂന്ന് മാറ്റങ്ങളുമായി ഇറങ്ങിയപ്പോഴും ഈ ടെസ്റ്റും ആദ്യ ടെസ്റ്റ് പോലെ തന്നെ ആയിരിക്കും എന്നാണ് പലരും പറഞ്ഞത്. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്കായി 95 – 2 എന്ന നിലയിൽ ടീം സ്കോർ നിന്നപ്പോൾ ബാറ്റ് ചെയ്യാൻ ഇറങ്ങിയ അയാൾ ആദ്യം ജയ്‌സ്വാളുമായിട്ടും ശേഷം പന്തുമായിട്ടും അത് കഴിഞ്ഞ് ജഡേജയുമായിട്ടും കൂട്ടുകെട്ടുകളിൽ ഭാഗമായി. ഇതിൽ ചെറുതായി ഇന്ത്യ സമ്മർദ്ദത്തിൽ ആയിരുന്ന ഘട്ടത്തിൽ ആയിരുന്നു ജഡേജയുമായിട്ടുള്ള കൂട്ടുകെട്ട്. അവിടെ ഏറ്റവും മികച്ച പകത്വയിൽ കളിച്ചുമുന്നേറി ആദ്യം സെഞ്ചുറിയും ശേഷം ഇരട്ട സെഞ്ചുറിയും നേടിയ അയാളുടെ ബാറ്റിംഗിൽ തെറ്റുകൾ കുറവായിരുന്നു. അതായത് ഇംഗ്ലണ്ട് ബോളർമാർ ഒരുക്കിയ കെണിയിൽ അയാൾ വീഴാൻ പോയത് പോലും ഇല്ലെന്ന് സാരം. ഒടുവിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 587 റൺ നേടുമ്പോൾ അയാളുടെ സംഭാവന 269 റൺസ് ആയിരുന്നു.
ശേഷം ഇംഗ്ലണ്ട് ബാറ്റിംഗിലും തന്റെ ക്യാപ്റ്റൻസി മികവ് കഴിഞ്ഞ മത്സരത്തേക്കാൾ മെച്ചപ്പെടുത്താനും അയാൾക്കായി. ഒടുവിൽ 407 റൺസിന് ഇംഗ്ലണ്ട് പുറത്താകുമ്പോൾ അയാൾ ആഗ്രഹിച്ച ലീഡ് ഇന്ത്യക്ക് കിട്ടുന്നു. അവിടം കൊണ്ടും തീർന്നില്ല, 180 റൺ ലീഡ് ഉണ്ടെങ്കിലും തന്റെ ടീമിന്റെ ഭാഗത്ത് നിന്ന് അലസത പാടില്ല എന്ന വാശിയിൽ വീണ്ടും ബാറ്റിങിൽ മുന്നിൽ നിന്ന് നയിച്ച ഗിൽ വീണ്ടും ബാറ്റിംഗിൽ മികവ് കാണിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ താരം നേടിയത് 161 റൺസ്, ചുരുക്കി പറഞ്ഞാൽ രണ്ട് ഇന്നിങ്‌സിലുമായി നേടിയത് 430 റൺസ്. ഒരു വലിയ പരമ്പരയിൽ താരങ്ങൾ മൊത്തത്തിൽ എടുക്കുന്ന റൺ അയാൾ ഒറ്റ കളിയിൽ തൂക്കി.
എന്തായാലും ഇംഗ്ലണ്ടിന് മുന്നിൽ ജയിക്കാൻ 608 റൺ വെക്കുമ്പോൾ ഇന്ത്യ ജയം ഉറപ്പിക്കുന്ന അവസ്ഥ വന്നു. ഗിൽ ഒരു കാര്യം കൂടി തെളിയിച്ചിരിക്കുന്നു. തനിക്ക് വന്ന ഹൈപ്പ് ഒന്നും വെറുതെയല്ല , താൻ ശരിക്കും ആ വിശേഷണങ്ങൾക്ക് യോജിച്ചവൻ തന്നെയാണ് എന്ന്.
Discussion about this post