ഡല്‍ഹി: വാര്‍ത്തയില്‍ കടുത്ത പക്ഷപാതിത്വം കാണിച്ചുവെന്ന പരാതിയില്‍ പ്രമുഖ ചാനലായ ടൈംസ് നൗവിന് പിഴ ചുമത്തി. സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യുവാവിനെ ലൈംഗിക വൈകൃതക്കാരന്‍ എന്നര്‍ഥമുള്ള പെര്‍വട്ടഡ് എന്ന് പലവട്ടം വിശേഷിപ്പിച്ചതിനെതിരെ നല്‍കിയ പരാതിയിലാണ് നടപടി. നാഷനല്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റിയാണ് അരലക്ഷം രൂപ പിഴ വിധിച്ചത്.
ആം ആദ്മി പ്രവര്‍ത്തകയായിരുന്ന ജസ്ലീന്‍ കൗറിനോട് സര്‍വജീത് സിങ് എന്നയാള്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണം ചര്‍ച്ചചെയ്യവെ എഡിറ്ററും മുഖ്യ അവതാരകനുമായ അര്‍ണാബ് ഗോസ്വാമി മുന്‍വിധിയോടെ പെരുമാറിയതായി കണ്ടെത്തി. ചര്‍ച്ചയില്‍ പലവട്ടം അപമാനിക്കപ്പെട്ട സര്‍വജീത് കേസില്‍ കുറ്റക്കാരനല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇതു ചൂണ്ടിക്കാട്ടി അതോറിറ്റിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഈ മാസം 22ന് വ്യക്തമായ അക്ഷരത്തിലും ശബ്ദത്തിലും ക്ഷമാപണം സംപ്രേഷണം ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post