സുന്നത്ത് കർമ്മത്തിന് മുൻപേ അനസ്‌തേഷ്യ നൽകുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കോഴിക്കോട് ചേളന്നൂരിന് സമീപം കാക്കൂരിൽ പൂവനത്ത് ഷാദിയ,ഫറോഖ് സ്വദേശി ഇംത്യാസ് എന്നീ ദമ്പതികളുടെ മകൻ എമിൽ ആദമാണ് മരിച്ചത്.
കോപ്പറേറ്റീവ് ക്ലിനിക്കിൽ വെച്ചാണ് അനസ്‌തേഷ്യ നൽകിയത്. കാക്കൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.മരുന്നിൻറെ അലർജിയാണോ അതോ മറ്റെന്തെങ്കിലും വീഴ്ചയാണോ എന്ന് ഇപ്പോൾ വ്യക്തമല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് നടക്കും.
സ്വകാര്യ ക്ലിനിക്കിൽ വച്ച് ഇന്നലെ രാവിലെയാണ് കുഞ്ഞിന് സുന്നത്ത് കർമ്മത്തിനായി ലോക്കൽ അനസ്‌തേഷ്യ നൽകിയത്. അനസ്‌തേഷ്യ നൽകിയതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ക്ലിനിക്കിൽ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല. തുടർന്ന് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധികൃതർ മാതാപിതാക്കളോട് നിർദേശിച്ചു.
എന്നാൽ ആംബുലൻസിൽ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ ആശുപത്രിയിൽ നിന്ന് നൽകിയ റിപ്പോർട്ട് പ്രകാരമാണ് പോലീസ് കേസെടുത്തത്.
Discussion about this post