”എന്റെ പ്രിയപ്പെട്ട അച്ഛന്…അച്ഛൻ സ്വർഗത്തിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സ്വർഗത്തിലേക്കുള്ള ഒരു കത്താണിത്. അച്ഛന് ഇപ്പോൾ സുഖമാണോ? അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്നാണ് അച്ഛൻ തിരികെ വരുക? ആ ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കും.” അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട അച്ഛന് മകൾ എഴുതിയ കത്താണിത്. സ്വർഗത്തിലേക്കുള്ള കത്ത്’ എന്ന തലക്കെട്ടോടെയാണ് കുഞ്ഞു ശ്രീനന്ദ കത്തെഴുതി പൂർത്തിയാക്കിയത്.
വായനമാസാചരണത്തിന്റെ ഭാഗമായി പനങ്ങാട് നോർത്ത് എയുപി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികൾക്കായി നടത്തിയ ‘കത്തെഴുതാം സമ്മാനം നേടാം’ എന്ന പരിപാടിയുടെ ഭാഗമായിരുന്നു കത്തെഴുത്ത്. വിജയിയെ കണ്ടെത്താനായി കത്തുകളോരോന്നും പൊട്ടിച്ചെടുത്ത് വായിച്ച അദ്ധ്യാപകരുടെ തൊണ്ടയിടറി. ശ്രീനന്ദയുടെ കത്തിലേക്ക് കണ്ണുനീർ തുള്ളികളായി വീണു വീണു…വൈകാരികതയ്ക്കപ്പുറം കത്തിന്റെ ഭാഷയും, ഭാവതീവ്രതയും കത്തിനെ ഒന്നാം സ്ഥാനത്തിലെത്തിച്ചു.
എപ്പോഴെങ്കിലും ഒരിക്കൽ ഞാൻ എന്റെ അച്ഛനെ കാണും. ഞാൻ നന്നായി പഠിക്കുന്നുണ്ട് അച്ഛാ… പിന്നെ അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്. അച്ഛന് ഒരായിരം ഉമ്മ… എന്ന് അച്ഛന്റെ സ്വന്തം ശ്രീമോൾ” ഇങ്ങനെയാണ് ശ്രീനന്ദ കത്ത് അവസാനിപ്പിക്കുന്നത്.
2024 ഏപ്രിൽ 10നായിരുന്നു ശ്രീനന്ദയുടെ അച്ഛൻ ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത്. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീനന്ദ
Discussion about this post