ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ജയിച്ചുകൊണ്ട് ഇന്ത്യ ചരിത്രത്തിലാദ്യമായി ആ വേദിയിൽ ജയം നേടി. ഗില്ലിന്റെ മുൻഗാമികൾക്ക് ബർമിംഗ്ഹാമിൽ ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ, ആ ജോലി ചെയ്യാൻ യുവതാരത്തിനും കഴിയുമെന്ന് പലർക്കും വിശ്വാസമില്ലായിരുന്നു. ജസ്പ്രീത് ബുംറയെ പോലെ ഒരു താരം ഇല്ലാതെ ടെസ്റ്റിന് ഇറങ്ങുമ്പോൾ ഇന്ത്യ മത്സരത്തെ ഒട്ടും സീരിയസ് ആയിട്ടല്ല കാണുന്നത് എന്ന് ആയിരുന്നു ഇംഗ്ലീഷ് മാധ്യമപ്രവർത്തകർ പറഞ്ഞത്. ഇത് കൂടാതെ വേദിയിൽ ഒരു മത്സരം പോലും ഇന്ത്യക്ക് ജയിക്കാൻ സാധിച്ചിട്ടില്ല എന്ന് മത്സരത്തിന് മുമ്പേ ഒരു മാധ്യമപ്രവർത്തകൻ ഗില്ലിനോട് പറയുന്നു.
എന്തായാലും ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്ത ശേഷം ഗിൽ പത്രസമ്മേളനത്തിൽ എത്തിയപ്പോൾ, മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ കയ്പേറിയ സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാണിച്ച അതേ പത്രപ്രവർത്തകനെ ഗിൽ ട്രോളി. “എന്റെ പ്രിയപ്പെട്ട പത്രപ്രവർത്തകനെ എനിക്ക് കാണാൻ കഴിയുന്നില്ല. അദ്ദേഹം എവിടെയാണ്? എനിക്ക് അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ടായിരുന്നു,” മാധ്യമസമ്മേളനത്തിനിടെ പത്രപ്രവർത്തകനെ ട്രോളിക്കൊണ്ട് ഗിൽ പറഞ്ഞു.
“ടെസ്റ്റ് മത്സരത്തിന് മുമ്പ് പോലും ഞാൻ ചരിത്രത്തിലും സ്ഥിതിവിവരക്കണക്കുകളിലും വിശ്വസിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. കഴിഞ്ഞ 56 വർഷത്തിനിടയിൽ, ഞങ്ങൾ ഇവിടെ ഒമ്പത് മത്സരങ്ങൾ കളിച്ചിട്ടുണ്ട് – വ്യത്യസ്ത ടീമുകൾ ഇവിടെ വന്നിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഇവിടെ വന്നതിൽ വച്ച് ഏറ്റവും മികച്ച ടീം ഞങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു, അവരെ തോൽപ്പിക്കാനും ഇവിടെ നിന്ന് പരമ്പര നേടാനും ഞങ്ങൾക്ക് കഴിവുണ്ട്. ഞങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കുകയും പോരാടുകയും ചെയ്താൽ, ഇത് മറക്കാനാവാത്ത പരമ്പരകളിൽ ഒന്നായിരിക്കുമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും ആദ്യ ടെസ്റ്റിൽ തോറ്റപ്പോൾ ഗില്ലിനെ കളിയാക്കിയ ആളുകൾ രണ്ടാം ടെസ്റ്റിലെ ജയത്തിന് പിന്നാലെ താരത്തെ പ്രശംസകൊണ്ട് മൂടുകയാണ്. മത്സരശേഷം സംസാരിക്കുമ്പോൾ, ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ കാര്യങ്ങൾ എല്ലാം തങ്ങൾക്ക് അനുകൂലം ആയപ്പോൾ തനിക്ക് ഭയങ്കര സന്തോഷം തോന്നിയെന്ന് പറഞ്ഞ ഗിൽ ഇത്രയും പ്രതീക്ഷിച്ചല്ല എന്നും പറഞ്ഞു. ആദ്യ ഇന്നിംഗ്‌സിലെ സ്‌കോർ ആവശ്യത്തിലധികം ഉണ്ടായിരുന്നതിനാൽ ഹെഡിംഗ്‌ലി( ആദ്യ ടെസ്റ്റ് നടന്ന വേദി) പോലുള്ള ഒരു ചെയ്‌സ് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഗിൽ പറഞ്ഞു.
“കഴിഞ്ഞ മത്സരത്തിനു ശേഷം ഞങ്ങൾ ടീം മീറ്റിംഗിൽ സംസാരിച്ച എല്ലാ കാര്യങ്ങളിലും ഞങ്ങൾ കൃത്യത പുലർത്തി. ഞങ്ങളുടെ ബൗളിംഗിലും ഫീൽഡിംഗിലും ഞങ്ങൾ തിരിച്ചുവന്ന രീതി ശരിക്കും അതിശയകരമായിരുന്നു എന്ന് ഞാൻ പറയുന്നു. ഇത്തരത്തിലുള്ള വിക്കറ്റിൽ 400-500 റൺസ് നേടിയാൽ മതിയാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എല്ലാ മത്സരങ്ങളും ഹെഡിംഗ്ലി പോലെയാകില്ല.”
ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലും ടീം ഇന്ത്യ നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തി, ഇത് അഞ്ച് വിക്കറ്റ് ശേഷിക്കെ 371 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇംഗ്ലണ്ടിനെ സഹായിച്ചു. രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഫീൽഡിങ്ങിൽ ഒരുപാട് മെച്ചപ്പെട്ടു.
https://twitter.com/i/status/1941929669034406244
Discussion about this post