കാറും കോളും ഒക്കെ നിറഞ്ഞ കാലാവസ്ഥ ഉള്ളപ്പോൾ ഒരു കുട ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല . ക്രിക്കറ്റിൽ സ്വന്തം ടീം തകർച്ച നേരിടുമ്പോൾ ഒരു സംരഷണമായി അല്ലെങ്കിൽ ഒരു രക്ഷകനായി പലപ്പോടും നിലകൊണ്ടിരുന്ന ഒരു താരത്തെ പ്രമുഖ ക്രിക്കറ്റ് നിരീക്ഷകനും കമന്റേറ്ററുമായ ഹർഷ ഭോഗ്ലെ ഒരു വിശേഷണം നല്കി തന്റെ ബഹുമാനം അറിയിച്ചു -The umbrella man. ഹർഷ ഈ വിശേഷണം കൊടുത്തത് ലോക ക്രിക്കറ്റിലെ ഒരു ഇതിഹാസ താരത്തിനല്ല, സെഞ്ചുറികൾ അടിച്ച് കൂട്ടിയ ഒരു താരത്തിനല്ല മറിച്ച് രാജ്യത്തിനായി കേവലം 9 മത്സരങ്ങൾ മാത്രം കളിച്ച ഒരു താരത്തിനാണ്. ഐ.പി.എലിലും ഫസ്റ്റ് ക്ലാസിലും എവിടെയൊക്കെ കളിച്ചിട്ടുണ്ടോ അവിടെയൊക്കെ ഒരു കുട പോലെ ടീമിന് സംരഷണമായിരുന്ന ആ താരമാണ്, സുബ്രഹ്മണ്യൻ ബദ്രിനാഥ്.
തമിഴ്നാട്ടിലെ തേനിയിൽ 1980 ഓഗസ്റ്റ് 30 ന് ജനിച്ച ബദ്രിനാഥ് ചെറുപ്പം മുതൽ ക്രിക്കറ്റ് കളിക്കാൻ ഇഷ്ടപെട്ടു. വീട്ടുകാരുടെ ഭാഗത്ത് നിന്നും കിട്ടിയ മികച്ച പിന്തുണ കാരണം സ്ക്കൂൾ തലം മുതൽ ക്രിക്കറ്റിന്റെ അടിസ്ഥാനം പഠിച്ച് തുടങ്ങി. ബിഗ് ഹിറ്റിങ് പാടവമുള്ള താരത്തിന്റെ ഉള്ളിലെ ക്ലാസിക്ക് ബാറ്റ്സ്മാനെ കണ്ടെത്തിയത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പരിശീലകരാണ്. തമിഴ്നാട് ,വിദർഭ ടീമുകൾക്ക് വേണ്ടി 15 വർഷങ്ങളോളം രഞ്ജി ട്രോഫി കളിച്ച താരം 2008 ലാണ് രാജ്യത്തിനായി അരങ്ങേറ്റം കുറിച്ചത്.
ഇന്ത്യ വിജയിച്ച ശ്രീലങ്കയുമായി നടന്ന മത്സരത്തിൽ ശ്രീലങ്കൻ സ്പിൻ മാന്ത്രികനായി മുരളീധരന്റെ ബൗളിംഗിൽ തകർന്നടിഞ്ഞ ഇന്ത്യക്ക് തുണയായത് ബദ്രി നേടിയ 27 റൺസാണ്. സ്ലോ പിച്ചിൽ ശ്രദ്ധയോടെ ബാറ്റ് വീശിയ ബദ്രി ധോനിയുമായി ചേർന്ന് ഇന്ത്യയെ വിജയവര കടത്തി. എന്നാൽ പിന്നീട് ലഭിച്ച അവസരം മുതലാക്കാതെ വന്നതോടെ ടീമിന് പുറത്തായി. ടെസ്റ്റിൽ ആകെ കളിച്ചതാകട്ടെ രണ്ട് മത്സരങ്ങളാണ്. പ്രതിഭകളാൽ സമ്പന്നമായ രാജ്യത്ത് അവസരങ്ങളൊന്നും വന്നില്ലെങ്കിലും ഫസ്റ്റ് ക്ലാസിൽ തുടർച്ചയായ മികച്ച പ്രകടനങ്ങൾ നടത്തി. ചെന്നൈ സൂപ്പർ കിംഗ്സ് ജേതാക്കളായ 2011 സീസണിൽ ടീമിന്റെ വിജയത്തിൽ നിർണായകമായത് ബദ്രിയുടെ മികവായിരുന്നു.
ഐ.പി.എലിലും ഫസ്റ്റ് ക്ലാസിലും അണിയുന്ന ഈ രക്ഷകൻ വേഷം കണ്ടാണ് ഹർഷ അങ്ങനെയൊരു വിശേഷണം നൽകിയത്. അഞ്ച് ഐ.പി.എൽ സീസണുകളിലായി 1000 റൺസിലധികം നേടാനും താരത്തിനായിട്ടുണ്ട്. അവസരങ്ങൾ കുറഞ്ഞതോടെ 2018 ൽ വിരമിക്കൽ പ്രഖ്യാപിച്ചു ഫോം വീണ്ടെടുക്കാൻ ഇന്ന് ഇന്ത്യൻ ടീമിന്റെ ഭാഗമായി കളിക്കുന്ന പല താരങ്ങൾക്കും കൊടുക്കുന്ന അവസരങ്ങളുടെ പകുതി ബദ്രിക്ക് നൽകിയിരുന്നെങ്കിൽ അയാളുടെ കരിയറിന് ഇങ്ങനെ ഒരു അന്ത്യം ഉണ്ടാവുകയില്ലായിരുന്നു ..
Discussion about this post