കളിക്കളത്തിലെ തകർപ്പൻ പ്രകടനത്തിലൂടെയും റെക്കോഡുകൾ മറികടക്കുന്നത് ഹോബിയാക്കിയ താരം എന്ന നിലയിലാണ് ഇന്ത്യൻ ഇതിഹാസം സച്ചിൻ ഓർമ്മിക്കപ്പെടുന്നത്. പക്ഷേ സഹതാരങ്ങളെ ചിരിപ്പിക്കുകയും അവരെ പറ്റിക്കാനും പ്രാങ്ക് ചെയ്യാനും മുന്നിൽ നിന്ന അനേകം സച്ചിൻ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇന്ത്യൻ ടീമിൽ സച്ചിനൊപ്പം വർഷങ്ങളോളം കളിച്ച സൗരവ് ഗാംഗുലി, മാസ്റ്റർ ബ്ലാസ്റ്റർ കോഴിയിറച്ചിക്ക് പകരം മുതലയിറച്ചി തന്ന് തന്നെ കളിയാക്കിയ ഒരു സംഭവം പറഞ്ഞിട്ടുണ്ട് .
ഏകദിന ചരിത്രത്തിൽ, ഗാംഗുലിയും സച്ചിനും ചേർന്നുള്ള കൂട്ടുകെട്ട് ഏറെ പ്രശസ്തമായിരുന്നു. 136 ഇന്നിംഗ്‌സുകളിൽ നിന്ന് 49.32 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിൽ 6,609 റൺസ് അവർ നേടിയിട്ടുണ്ട്. ഇരുവരുടെയും മികച്ച കരിയറിൽ നിരവധി ടൂറുകളിൽ റൂം പാർട്ണർമാരായിരുന്നതിനാൽ അവരുടെ സൗഹൃദം മികച്ച രീതിയിൽ വളർന്നു.
അടുത്ത കാലത്ത് ഒരു അഭിമുഖത്തിലാണ് തന്നെ സച്ചിൻ എങ്ങനെ പറ്റിച്ചു എന്നും താൻ അതിനോട് പ്രതികരിച്ചത് എങ്ങനെ എന്നും ഗാംഗുലി വെളിപ്പെടുത്തിയത്. വാക്കുകൾ ഇങ്ങനെ :
“ഞാൻ അവന്റെ ഓപ്പണിംഗ് പാർട്ണർ മാത്രമായിരുന്നില്ല; കുസൃതികളിലും, ഹോബികളിലും, മറ്റെല്ലാ കാര്യങ്ങളിലും ഞാൻ അവന്റെ പങ്കാളിയായിരുന്നു. അവൻ പോകുന്നിടത്തെല്ലാം ക്യാമറ അവനെ പിന്തുടരുന്നതിനാൽ അവന് പുറത്തൊക്കെ അധികം കുസൃതി ചെയ്യാൻ കഴിഞ്ഞില്ല. വളരെ നല്ല കുടുംബത്തിൽ നിന്നാണ് അവൻ വന്നത്. അവന്റെ അച്ഛൻ ഒരു അധ്യാപകനായിരുന്നു, അതിനാൽ അവന്റെ ജീവിത മൂല്യങ്ങൾ വളരെ മികച്ചതാണ്. ചില കുസൃതികൾ അവൻ ഒപ്പിക്കുമായിരുന്നു. ഞങ്ങൾ കെനിയയിലെ നെയ്‌റോബിയിൽ പോയപ്പോൾ, ഒരു വലിയ റെസ്റ്റോറന്റ് ഉണ്ടായിരുന്നു, പേര് എനിക്ക് ഓർമ്മയില്ല, ഞാൻ ഉടൻ പറയാം. എല്ലാ മാംസങ്ങളും അവിടെ ലഭ്യമായിരുന്നു. മുതല മാംസം കഴിക്കാൻ അവൻ ആഗ്രഹിച്ചു, ഞാൻ അത് കഴിക്കാൻ പോകുന്നില്ലെന്ന് അവനറിയാമായിരുന്നു,” ഗാംഗുലി പറഞ്ഞു.
“അയാൾ ഷെഫിനോട് നല്ല മുതല ഇറച്ചി ഉണ്ടാക്കാൻ ആവശ്യപ്പെട്ടു, മേശപ്പുറത്ത് വയ്ക്കുമ്പോൾ അത് കോഴിയിറച്ചിയാണെന്ന് പറയാനും പറഞ്ഞു. അങ്ങനെ അയാൾ അത് മേശപ്പുറത്ത് വച്ചു, ഞങ്ങൾ അത് കഴിച്ചു. എനിക്ക് അവന്റെ പ്രാങ്ക് മനസ്സിലായില്ല. അവസാനം, സച്ചിൻ ഭക്ഷണം എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഞാൻ അവനോട് ‘ഇത് വളരെ നല്ലതാണ്, ഈ ചിക്കൻ വളരെ നല്ലതാണ്’ എന്ന് പറഞ്ഞു. അത് ഒരു മുതലയാണെന്ന് അവൻ എന്നോട് പറഞ്ഞു. ഞാൻ അവന്റെ തമാശയോട് ഒന്നും പ്രതികരിച്ചില്ല. എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്നെ ടീമിൽ നിന്ന് പുറത്താക്കുമായിരുന്നു. ഭക്ഷണം നല്ലതാണെന്ന് മാത്രം പറഞ്ഞു ഞാൻ ആ സംസാരം നിർത്തി. കാര്യങ്ങൾ ഇങ്ങനെ ഒകെ ആണെങ്കിലും സച്ചിനെ എനിക്ക് എന്നും ബഹുമാനമാണ്. അവൻ നല്ല മനുഷ്യനാണ്” ഗാംഗുലി പറഞ്ഞു.
Discussion about this post