ക്രിക്കറ്റ് പ്രാന്ത് തലയ്ക്കു തീ പിടിച്ചു തുടങ്ങിയ തൊണ്ണൂറുകൾ മുതൽ കൃത്യമായി പറഞ്ഞാൽ 2003 ലോക കപ്പ് വരെ ചുവപ്പു ജേഴ്സിയിൽ കളം നിറഞ്ഞൊരു പേരുണ്ടായിരുന്നു ”സിംബാബ്‌വെ”.തങ്ങളുടെ ദിവസത്തിൽ ഏതൊരാളെയും അട്ടിമറിയ്ക്കാൻ പ്രാപ്തിയുള്ള ടീം.ഇന്നലെ യൂട്യൂബിൽ പഴയൊരു കളിയുടെ ഹൈലൈറ്സ് കണ്ടപ്പോളാണ് ഈ ടീമിനെ പറ്റി വീണ്ടും ഓർമ വന്നത്. നിർഭാഗ്യവശാൽ എതിർ ടീം ഇന്ത്യയായിരുന്നു,1999 ലോക കപ്പിലെ മത്സരം, വെറും 3 റൺസിന് ഇന്ത്യ തോറ്റ കളി ക്രിക്കറ്റ് പ്രേമികൾ അങ്ങനെ ഇങ്ങനെ ഒന്നും മറക്കാനിടയില്ല.
”ഇപ്പൊ സ്രാങ്കിന്റെ പേര് കേട്ടാൽ എല്ലാവനും ചിരിക്കും” എന്ന സിനിമ ഡയലോഗ് പോലെ ആയി പോയ സിംബാബ്‌വെ പറ്റിയല്ല ഓർക്കുന്നത്,ഹെന്ററി ഒലോൻഗ എന്ന ചിരിച്ചു കൊല്ലുന്ന ഒരു പേസറുടെ മുന്നിൽ അവസാന ഓവറിൽ മൂന്നു വിക്കറ്റും ദാനം നൽകി ഇന്ത്യ തോറ്റപ്പോൾ അതൊരു വിങ്ങലായിരുന്നു.കാലം മായ്ക്കാത്ത മുറിവുകൾ എന്നൊക്കെ പറയും പോലെ. ഇതേ ഒലോൻഗ നേരത്തെയും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ വിഷമിപ്പിച്ചു,1998 കൊക്ക കോള കപ്പിന്റെ ഒരു ലീഗ് മത്സരത്തിൽ സച്ചിനടക്കം ടോപ് 4 വിക്കറ്റ് നേടി അയാൾ അന്തകനായി,(ഫൈനലിൽ സച്ചിൻ അയാളെ ചുരുട്ടി കെട്ടി എന്നതോർക്കുമ്പോൾ ഒരു സന്തോഷം:)
കുറെ പേരുകൾ മനസിലേയ്ക്ക് വന്നു,പലരെയും ഇപ്പോളത്തെ ക്രിക്കറ്റ് ലോകം ഓർക്കുന്നു പോലും ഉണ്ടാവില്ല,ഓപ്പണിങ് ബൗളറും ബാറ്സ്മാനുമായ നീൽ ജോൺസൻ, മുറെ ഗുഡ്വിൻ, ആൻഡി വിറ്റാൽ,ദീർഘ കാലം ക്യാപ്റ്റൻ ആയിരുന്ന അലിസ്റ്റർ ക്യാമ്പെൽ, അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ഹീത്ത് സ്ട്രീക് എന്ന സൂപ്പർ ബൗളർ, ഏകദിനത്തിൽ അവർക്കായി ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയ എഡോ ബ്രാൻഡസ്,സ്പിന്നറായിരുന്ന പോൾ സ്ട്രാങ് മുതൽ ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റൻ എന്ന പേര് സ്വന്തമാക്കിയ തതേന്ദ തയ്ബു വരെയുള്ളവരെ ഒക്കെ ഓർത്തു പോയി. ഫ്ലവർ സഹോദരന്മാരെ മനഃപൂർവം മറന്നതല്ല. ലോകത്തെ ഏറ്റവും മികച്ച ഇടം കയ്യൻ ബാറ്റർമാരിലൊരാളായിരുന്ന ആൻഡി ഫ്ലവറിനെ ഒരിക്കലും മറക്കാൻ സാധിക്കില്ല, റോബർട്ട് മുഗംബേ എന്ന ഏകാധിപതിക്കെതിരെ ശബ്ദമുയർത്തി ടീമിന് പുറത്തു പോയ ആൻഡി ഫ്ലവറും ഒലോൻഗ്ഗയും തങ്ങളുടെ ഒരുപാട് ബാല്യം ബാക്കി വെച്ചാണ് കളി അവസാനിപ്പിച്ചത് എന്ന് ദുഖത്തോടെ പറയേണ്ടി വരും.
2002 ഇന്ത്യ പര്യടനത്തിൽ ഒന്നാമത്തെയും മൂന്നാമത്തെയും ഏകദിനങ്ങളെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കാൻ ഇടയില്ല ഫരീദാബാദ് ഏകദിനത്തിൽ ഒൻപതാമനായി ഇറങ്ങി 24 പന്തിൽ 56 റൺസ് നേടി തന്റെ മുദ്ര പതിപ്പിച്ച ”മാരില്ലിയർ”ഷോട്ട് പുറത്തിറക്കിയ ഡഗ്ലസ് മാരില്ലിയർ എന്ന വെടികെട്ടുകാരനും കൊച്ചിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ തകർത്ത ഡഗ്ലസ് ഹൊണ്ടോ എന്ന സ്പ്രിങ് മുടിയനും അത്ര വേഗത്തിൽ നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞു പോവില്ല.
രാഷ്ട്രീയ പ്രതിസന്ധികളും,ശമ്പളം പോലും കൊടുക്കാൻ സാധിക്കാഞ്ഞ ക്രിക്കറ്റ് ബോർഡും സിംബാബ്‌വെ ക്രിക്കറ്റിനെ തകർത്തു കളഞ്ഞു. 2007 t20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ തോൽപിച്ച അവർ സിക്കന്ദർ റാസ അടക്കമുള്ള മികച്ച താരങ്ങളുടെ പ്രകടന മികവിലൂടെ വീണ്ടും പഴയ പ്രതാപത്തിലേക്കെത്തും എന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post