21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തപ്പോൾ, സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര നടത്തിയ കൗതുക സെലെക്ഷൻ ഏറെ ചർച്ചയാകുന്നു. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ നിലവിൽ ഇംഗ്ലണ്ടിലാണ്. മൂന്ന് മത്സരങ്ങൾക്ക് ശേഷം, ഇംഗ്ലണ്ട് പരമ്പരയിൽ 2-1 ന് മുന്നിലാണ്.
പൂജാരയെ സംബന്ധിച്ച് ഏറെ കാലമായി ഇന്ത്യൻ ടീമിൽ നിന്ന് പുറത്താണ് താരം. 2023 ൽ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിൽ ഓസ്ട്രേലിയയെ നേരിട്ടപ്പോഴാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്. നിലവിൽ കമെന്ററി ബോക്സിൽ അംഗമായ പൂജാരയും ഇംഗ്ലണ്ടിലുണ്ട്. ഇഎസ്പിഎൻ ക്രിക്ഇൻഫോയിലെ പരിപാടിയിലാണ് വെറൈറ്റി ടീം തിരഞ്ഞെടുപ്പ് പൂജാര നടത്തിയത്.
രാഹുൽ ദ്രാവിഡിനെയും അലക് സ്റ്റുവർട്ടിനെയും ഓപ്പണർമാരായി പൂജാര തിരഞ്ഞെടുത്തു. 133 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 8,463 റൺസ് നേടിയ സ്റ്റുവർട്ട് 15 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. അദ്ദേഹമാണ് ടീമിലെ വിക്കറ്റ് കീപ്പർ. മറുവശത്ത്, ദ്രാവിഡ് 164 ടെസ്റ്റുകളിൽ നിന്ന് 13,288 റൺസും 36 സെഞ്ച്വറിയും നേടിയിട്ടുണ്ട്.
പൂജാര തന്റെ ടീമിന്റെ മധ്യനിരയിൽ ജോ റൂട്ട്, വിരാട് കോഹ്‌ലി, വിവിഎസ് ലക്ഷ്മൺ എന്നിവരെ തിരഞ്ഞെടുത്തു. പരമ്പരയിൽ ഇംഗ്ലണ്ട് ടീമിൽ ഉള്ള റൂട്ട് 156 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 37 സെഞ്ച്വറിയും 13259 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച കോഹ്‌ലി 123 മത്സരങ്ങളിൽ നിന്ന് 30 സെഞ്ച്വറികൾ ഉൾപ്പെടെ 9230 റൺസ് നേടി. മറ്റൊരു പരിചയസമ്പന്നനായ താരം ലക്ഷ്മൺ 134 ടെസ്റ്റുകളിൽ നിന്ന് 17 സെഞ്ച്വറികൾ ഉൾപ്പെടെ 8781 റൺസ് നേടി നിൽക്കുന്നു.
രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ആൻഡ്രൂ ഫ്ലിന്റോഫ്, ബെൻ സ്റ്റോക്സ് എന്നിവരെ ടീമിന്റെ ഓൾറൗണ്ടർമാർ ആയിട്ടും പൂജാര തിരഞ്ഞെടുത്തു. അതായത് ഓൾ റൗണ്ടർമാർക്ക് പ്രാധാന്യം നൽകുന്ന ടീമാണ് തിരഞ്ഞെടുത്തത് എന്ന് സാരം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളർമാർ. ഇത് കൂടാതെ മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ മാത്യു ഹൊഗാർഡിനെ പന്ത്രണ്ടാമനായിട്ടും തിരഞ്ഞെടുത്തു. സച്ചിൻ ടെണ്ടുൽക്കറും എംഎസ് ധോണിയും സെവാഗും ഉൾപ്പടെ ഉള്ള പ്രമുഖർക്ക് ടീമിലെ സ്ഥാനം ഇല്ല എന്നതാണ് ശ്രദ്ധേയം.
ടീം: അലക് സ്റ്റുവർട്ട് (wk), രാഹുൽ ദ്രാവിഡ്, ജോ റൂട്ട്, വിരാട് കോഹ്‌ലി, വിവിഎസ് ലക്ഷ്മൺ, ബെൻ സ്റ്റോക്സ്, ആൻഡ്രൂ ഫ്ലിന്റോഫ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, മാത്യു ഹൊഗാർഡ് (12-ാം താരം).
Discussion about this post