1996-ൽ, യുവതാരമായ ഷാഹിദ് അഫ്രീദി നെയ്‌റോബിയിൽ ശ്രീലങ്കയ്‌ക്കെതിരെ 37 പന്തിൽ നിന്ന് നേടിയ ക്രൂരമായ സെഞ്ച്വറിയിലൂടെ ക്രിക്കറ്റ് ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവം പലരും ഓർക്കുന്നുണ്ടാകും. അക്കാലത്ത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി മാത്രമായിരുന്നില്ല അത്; അഫ്രീദിയെ ക്രിക്കറ്റിലെ ഏറ്റവും നിർഭയനായ ഹിറ്റ്‌സ്മാനിൽ ഒരാളായി പ്രഖ്യാപിച്ച ഇന്നിംഗ്‌സായിരുന്നു അത്. എന്നാൽ അന്ന് അഫ്രീദി ചരിത്ര സെഞ്ച്വറി നേടിയത് ആരുടെ ബാറ്റ് കൊണ്ട് ആണെന്ന് അറിയാമോ? ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ തന്നെ.
ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ, ഏകദിനങ്ങളിൽ ആക്രമണാത്മക ബാറ്റിംഗിനെ പുനർനിർവചിച്ച അഫ്രീദിയുടെ സെഞ്ച്വറി, ക്രിക്കറ്റിന്റെ ഐക്കണിക് നിമിഷങ്ങളിലൊന്നായി ഓർമ്മിക്കപ്പെടും. കുറച്ച് വർഷങ്ങൾക്ക് ശേഷം, അഫ്രീദി തന്റെ ആത്മകഥയായ ‘ഗെയിം ചേഞ്ചർ’ എന്ന പുസ്തകത്തിൽ തന്റെ റെക്കോർഡ് ഭേദിച്ച ഇന്നിംഗ്സിന് പിന്നിലെ അസാധാരണമായ പശ്ചാത്തലം വെളിപ്പെടുത്തി.
“ആ മത്സരത്തിലെ എന്റെ ഇന്നിംഗ്‌സുമായി രസകരമായ ഒരു ഇന്ത്യൻ ബന്ധമുണ്ട്,” സച്ചിൻ ടെണ്ടുൽക്കർ തന്റെ പ്രിയപ്പെട്ട ബാറ്റ് പാകിസ്ഥാൻ പേസർ വഖാർ യൂനിസിന് നൽകിയ സംഭവം ഓർമ്മിച്ചുകൊണ്ട് അഫ്രീദി എഴുതി. പാകിസ്ഥാനിലെ സ്‌പോർട്‌സ് നിർമ്മാണ കേന്ദ്രമായ സിയാൽകോട്ടിലേക്ക് തന്റെ ബാറ്റ് കൊണ്ടുപോകാനും അതിന്റെ ഒരു പകർപ്പ് ഉണ്ടാക്കി എടുത്തോളാനും സച്ചിൻ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ ചെയ്യുനത്തിന് പകരം, പാകിസ്ഥാൻ പേസർ അത് യുവതാരമായ അഫ്രീദിക്ക് നൽകി.
ആ സെഞ്ച്വറി റെക്കോർഡുകൾ തകർക്കുക മാത്രമല്ല, പാകിസ്ഥാൻ ടീമിലെ ഒരു ബൗളർ എന്ന നിലയിൽ പ്രധാനമായും കണക്കാക്കപ്പെട്ടിരുന്ന അഫ്രീദിയുടെ മേലുള്ള ടീമിന്റെ പ്രതീക്ഷകൾ ഉയർത്തുകയും ചെയ്തു. അന്ന് ടി 20 യുഗം ഒന്നും അല്ലാത്ത കാലം ആയിരുന്നിട്ട് കൂടി അഫ്രീദി ക്രീസിൽ എത്തുമ്പോൾ എന്തോ സംഭവിക്കാൻ പോകുന്നു എന്ന് ഓരോ ക്രിക്കറ്റ് പ്രേമിയും കരുതാൻ തുടങ്ങി.
Discussion about this post