കായിക രംഗത്തെ ഭീമന്മാരായ രണ്ട് ടീമുകളുടെ സംഗമത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ക്രിക്കറ്റിൽ ഇന്ന് നിലവിൽ ഉള്ള ഏറ്റവും മികച്ച ടീമായ ഇന്ത്യയും ഫുട്‍ബോൾ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ഓൾഡ് ട്രാഫോർഡിൽ നടക്കാൻ പോകുന്ന നാലാം ടെസ്റ്റിന് മുമ്പ് ഒന്നിച്ചു. ഇംഗ്ലണ്ടിനെ നേരിടാൻ ഇന്ത്യൻ ടീം തയ്യാറെടുക്കുമ്പോൾ, ക്ലബ്ബിന്റെ പരിശീലന കേന്ദ്രമായ കാരിംഗ്ടണിൽ യുണൈറ്റഡ് ആണ് ഇരുടീമുകളുടെയും സംഗമത്തിന് വേദിയായത്.
ഇരു ടീമുകളിലെയും കളിക്കാർ ജേഴ്സികൾ പരസ്പരം കൈമാറി സന്തോഷം പങ്കിട്ടു. ഇരുടീമിലെയും താരങ്ങളും പരസ്പരം ഫുട്‍ബോൾ- ക്രിക്കറ്റ് മത്സരം കളിച്ചു. അവിടെ മുഹമ്മദ് സിറാജിനെതിരെ ഹാരി മാഗ്വയർ ക്രിക്കറ്റിൽ ഒരു കൈനോക്കിയപ്പോൾ, ഋഷഭ് പന്ത് കൂളായി ഒരു പെനാൽറ്റി എടുത്തു.
മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർ പ്രീ-സീസൺ പരിശീലനത്തിനായി ബേസിലേക്ക് മടങ്ങിയപ്പോഴാണ് അനൗപചാരിക സെഷൻ നടന്നത്. ഇരു ടീമുകളെയും മുൻനിര സ്‌പോർട്‌സ് വെയർ ബ്രാൻഡായ അഡിഡാസ് സ്‌പോൺസർ ചെയ്യുന്നതിനാൽ അവരുടെ നേതൃത്വത്തിലാണ് ഇങ്ങനെ ഒരു കണ്ടുമുട്ടൽ നടത്തിയത്. ബിസിസിഐയും യുണൈറ്റഡും ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
പരമ്പരയിൽ 1 – 2 ന് പിന്നിൽ നിൽക്കുന്ന ഇന്ത്യ അവരുടെ ഒരുക്കങ്ങൾ ഭംഗിയായിട്ട് നടത്തുകയാണ്. മാഞ്ചസ്റ്റർ ഭാഗ്യ വേദി അല്ലെങ്കിലും ഗില്ലടക്കമുള്ള താരങ്ങളുടെ ഫോമിലും കഴിഞ്ഞ മത്സരത്തിൽ അവസാനം കാണിച്ച പോരാട്ടവീര്യത്തിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. മറുവശത്ത് ഈ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്.
പരിക്കിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ എന്ത് മാറ്റം വരുമെന്ന് കണ്ടറിയണം.
United in Manchester.🤝 #TeamIndia | @adidas | @ManUtd pic.twitter.com/zGrIqrcHKG
— BCCI (@BCCI) July 20, 2025
Discussion about this post