സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മത സാമുദായിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ അടിമപ്പെടില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. സമയമാറ്റത്തില്‍ മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ഉത്തരവാദിയല്ലെന്നും 220 പ്രവര്‍ത്തി ദിവസം ലഭ്യമാക്കേണ്ടത് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി.
മത, സാമുദായിക സംഘടനകളുടെ സമയവും സൗകര്യവും നോക്കി വിദ്യാഭ്യാസ ചട്ടങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രീയ വിദ്യാലയങ്ങളില്‍ അടക്കം ഏഴുമണിക്ക് ക്ലാസ് തുടങ്ങുന്നുണ്ട്. ഗള്‍ഫ് നാടുകളിലെ സ്‌കൂളുകളിലും എട്ടുമണിക്ക് ക്ലാസ് തുടങ്ങുന്നുണ്ട്. ഈ വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളുമായി ബുധനാഴ്ച ചര്‍ച്ച നടത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂൾ സുരക്ഷയെ മുൻനിർത്തി അടിയന്തിര ഓഡിറ്റ് നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചെന്ന് മന്ത്രി കൂട്ടിച്ചേർത്തു . സമയബന്ധിത പരിപാടിക്ക് രൂപം നൽകുമെന്നും തന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ശിക്ഷക് സദനിൽ ചേരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു
Discussion about this post