മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷോയിബ് അക്തറും ഉൾപ്പെട്ട ഒരു നർമ്മ സംഭവം വിവരിച്ചു. സമീപ വർഷങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായിട്ടുണ്ട്. പ്രത്യേകിച്ച് 2025 ഏപ്രിലിൽ കശ്മീരിലെ പഹൽഗാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ദാരുണമായ ഭീകരാക്രമണത്തിന് ശേഷം ഇനി ഇന്ത്യ- പാകിസ്ഥാൻ മത്സരം നടക്കുമോ എന്ന് പോലും ഉറപ്പില്ല. ഇരു രാജ്യങ്ങളും പതിവായി ദ്വിരാഷ്ട്ര പരമ്പരകൾ കളിച്ചിരുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നു. അത് ഇരുരാജ്യത്തുമുള്ള ആരാധകർക്ക് മറക്കാനാവാത്ത ക്രിക്കറ്റ് ഓർമ്മകൾ സൃഷ്ടിച്ചു.
ഷോയിബ് അക്തർ ഉൾപ്പെട്ട സംഭവം സെവാഗ് പറഞ്ഞത് ഇങ്ങനെ:
“ലഖ്‌നൗവിൽ ഇന്ത്യ, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്കായി സംഘടിപ്പിച്ച ഒരു പാർട്ടിയിൽ അക്തർ അമിതമായി മദ്യപിക്കുകയും സച്ചിനെ തോളിൽ ഉയർത്താൻ ശ്രമിക്കുകയും ചെയ്തു. എന്നിരുന്നാലും, സച്ചിന് നല്ല ഭാരം ഉണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് ഇരുവരും നിലത്ത് വീണു. ആ സംഭവം ഓർത്ത് എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല,” സെവാഗ് ന്യൂസ് 18 ചൗപാലിൽ പറഞ്ഞു.
ഇതിഹാസ സച്ചിൻ ടെണ്ടുൽക്കറെ പരിക്കേൽപ്പിച്ചതിനാൽ അക്തറിന്റെ കരിയറിന് അവസാനം ആകുമെന്ന് പറഞ്ഞ് അദ്ദേഹത്തെ പേടിപ്പിച്ച സംഭവവും താരം ഓർത്തു. “ഞാൻ അവനെ ഒരുപാട് കളിയാക്കുമായിരുന്നു. നിന്റെ കരിയർ അവസാനിക്കും എന്ന് പറഞ്ഞിട്ട്. നീ ഞങ്ങളുടെ മുൻനിര കളിക്കാരനെ പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. അവൻ ഭയന്നുപോയി, ശേഷം അവൻ സച്ചിനെ എല്ലായിടത്തും പിന്തുടരുകയും ക്ഷമ ചോദിക്കുകയും ചെയ്തു, അയാളുടെ കാലിൽ വീഴുക പോലും ചെയ്തു. എനിക്കും സച്ചിനും ചിരി ആയിരുന്നു അതൊക്കെ കണ്ടിട്ട് വന്നത്.”
മുമ്പ് അക്തർ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: “എനിക്ക് സച്ചിനെ ഉയർത്താൻ കഴിഞ്ഞു, പക്ഷേ അവൻ എന്റെ കൈകളിൽ നിന്ന് വഴുതിപ്പോയി. സച്ചിൻ താഴെ വീണു, അതോടെ ഞാൻ ഓർത്തു എനിക്ക് പണി കിട്ടിയെന്ന്. സച്ചിൻ ടെണ്ടുൽക്കർ ഫിറ്റ്നസ് നഷ്ടപ്പെട്ടാലോ പരിക്കേറ്റാലോ എനിക്ക് ഒരിക്കലും ഇന്ത്യൻ വിസ ലഭിക്കില്ലെന്ന് ഞാൻ ഭയപ്പെട്ടു. ഇന്ത്യക്കാർ എന്നെ ഒരിക്കലും രാജ്യത്തേക്ക് തിരിച്ചുവരാൻ അനുവദിക്കില്ല, അല്ലെങ്കിൽ എന്നെ ജീവനോടെ കത്തിച്ചുകളയും.”
എന്തായാലും സെവാഗ് ഓർമിപ്പിച്ച ഈ കഥ ഒരുപാട് ആളുകൾ കേട്ടിട്ടുണ്ടാകാൻ വഴിയില്ല.
Discussion about this post