ഇന്ത്യയ- ഇംഗ്ലണ്ട് പരമ്പരയിലെ ലോർഡ്‌സ് ടെസ്റ്റ് അവസാനിച്ചപ്പോൾ ഇന്ത്യയുടെ പോരാട്ടവീര്യത്തോടൊപ്പം ശ്രദ്ധ നേടിയത് ഇരുടീമുകളിലെയും താരങ്ങൾ നടത്തിയ വാക്കുതർക്കങ്ങളും പോർവിളികളും ആയിരുന്നു. ലോർഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഇംഗ്ലീഷ് ഓപ്പണർമാർ സമയം പാഴാക്കുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആരോപിച്ചതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. ഇരുവരും തമ്മിൽ ചൂടേറിയ വാഗ്വാദത്തിൽ ഏർപ്പെട്ടു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിലുടനീളം ഇത് തുടർന്നു. ശേഷം ഇന്ത്യൻ ഇന്നിങ്സിലേക്ക് വന്നാൽ കിട്ടിയതിനെല്ലാം പലിശ ചേർത്ത് ഇംഗ്ലണ്ട് തിരിച്ചുകൊടുക്കുന്നതും കാണാൻ സാധിച്ചു.
മുഹമ്മദ് സിറാജും ഇംഗ്ലണ്ട് താരങ്ങളുമായിട്ടുള്ള തർക്കത്തിന്റെ ഭാഗമായിരുന്നു. നാലാം ടെസ്റ്റിന് മുമ്പുള്ള തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു “ഒരു പ്ലാനിംഗും ഇല്ല. അതൊക്കെ മൈതാനത്ത് സംഭവിക്കാറുണ്ട്. ബാറ്റ്സ്മാൻ നന്നായി കളിക്കാൻ തുടങ്ങുമ്പോൾ അവനെ പുറത്താക്കാൻ ചിലപ്പോൾ ഇങ്ങനെ വഴിനോക്കും. ചിലപ്പോൾ ഇത് പ്രവർത്തിക്കും, ചിലപ്പോൾ അങ്ങനെയല്ല. ഫാസ്റ്റ് ബൗളർമാർക്ക് ഇത് രസകരമാണ്,” അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന മത്സരത്തിലും തങ്ങൾ സ്ലെഡ്ജിങ് തുടങ്ങും എന്ന് അദ്ദേഹം സൂചന നൽകി. “ഒരുപക്ഷേ. അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കും. കുറച്ച് സംഭാഷണം എല്ലായ്പ്പോഴും നല്ലതാണ്, അത് കാര്യങ്ങൾ മാറ്റിമറിച്ചേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബെൻ ഡക്കറ്റിന് ആവേശകരമായ യാത്രയയപ്പ് നൽകിയതിന് ഐസിസി സിറാജിന് പിഴ ചുമത്തിയിരുന്നു. ലീഡ്സിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരം മുതൽ അദ്ദേഹം ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരെ ട്രോളുന്നുണ്ട്. മറുവശത്ത്, ശുഭ്മാന്റെ പെരുമാറ്റത്തിന് വൻ വിമർശനമാണ് കിട്ടുന്നത്. ടീമിന്റെ തോൽവിക്ക് ചില മുൻ കളിക്കാർ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു. ഗില്ലിന്റെ മോശം പെരുമാറ്റമാണ് മത്സരത്തിൽ തങ്ങൾ തോൽക്കാൻ കാരണം എന്ന് പറയുന്നവരും കൂടുതലാണ്.
എന്തായാലും പരമ്പരയിൽ പിന്നിൽ നിൽക്കുന്ന ഇന്ത്യ നാളെ തുടങ്ങുന്ന അടുത്ത മത്സരത്തിൽ തിരിച്ചുവാരാൻ ആണ് ഇനി ശ്രമിക്കുക.
Discussion about this post