ഷാർജ റോളയിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ഭർത്താവ് സതീഷ് അതുല്യയെ തുടർച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളായി വിഡിയോകളും ചിത്രങ്ങളും കുടുംബം പോലീസിന് കൈമാറിയിട്ടുണ്ട്.
ഇന്നലെ മുതൽ ജോലിക്കു പോകേണ്ട എന്റെ മോളാണ് ഇപ്പോൾ മരിച്ചു കിടക്കുന്നത്. ഒരു ജോലിക്കും അവൻ വിടില്ലായിരുന്നു, പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കും. ഒരു ജോലി കിട്ടിയ ശേഷം ബന്ധം വേർപിരിയാമെന്നും കുഞ്ഞിനെ നോക്കി ജീവിക്കാമെന്നുമായിരുന്നു മോളുടെ ചിന്ത. എല്ലാം ഇല്ലാതായെന്ന് അതുല്യയുടെ അച്ഛൻ എസ്.രാജശേഖരൻ പിള്ള പറയുന്നു.
ഒരു വർഷം മുൻപു താൻ ഷാർജയിലുള്ള സമയത്ത് സതീഷ് മർദിക്കുന്നെന്ന് കാണിച്ചു മകൾ വിളിച്ചു വരുത്തിയിരുന്നതായി രാജശേഖരൻ പിള്ള പറഞ്ഞു. അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു. ഇനി അവന്റെ കൂടെ താമസിക്കരുതെന്നും ഇങ്ങനെ മുന്നോട്ടു പോകരുതെന്നും പറഞ്ഞിരുന്നു. സതീഷിന്റെ ജോലിയും മറ്റും നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണ് ഷാർജയിൽ വച്ചു പരാതി നൽകാതിരുന്നത്. പിന്നീട് അതുല്യ താമസിച്ചിരുന്ന ഇടത്തു നിന്ന് കരഞ്ഞു കാലു പിടിച്ചാണ് അതുല്യയെ വീണ്ടും സതീഷ് കൂടെ കൊണ്ടുപോകുന്നത്. അന്നു പരാതി നൽകുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഇന്ന് എന്റെ മോൾ കൂടെയുണ്ടാകുമായിരുന്നെന്നും അച്ഛൻ പറഞ്ഞു.
ശാരീരിക, മാനസിക പീഡനങ്ങളുടെ വിവരം അമ്മയെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അതുല്യ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. ഇരുവരുടെയും കുടുംബങ്ങളുമായും അയൽക്കാരുമായും സംസാരിച്ചപ്പോഴും സതീഷിന്റെ സ്വഭാവ വൈകൃതങ്ങളുടെയും സംശയരോഗത്തിന്റെയും മദ്യപാനത്തിന്റെയും പേടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയിൽ തെക്കുംഭാഗം പോലീസ് സതീഷ് ശങ്കറിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. 30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
Discussion about this post